തിരുവനന്തപുരം : കനത്ത ചൂടിനിടെ എട്ട് ജില്ലകളില്‍ ഇന്ന് ആശ്വാസ മഴ എത്തുമെന്ന് പ്രവചനം. മഴ പ്രവചിനത്തിനൊപ്പം കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയു...
തിരുവനന്തപുരം: കനത്ത ചൂടിനിടെ എട്ട് ജില്ലകളില്‍ ഇന്ന് ആശ്വാസ മഴ എത്തുമെന്ന് പ്രവചനം. മഴ പ്രവചിനത്തിനൊപ്പം കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. നാളെയും ഇതേ ജില്ലകളില്‍ മഴ തുടരും. ഈ മാസം നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഇതേ പ്രതിഭാസത്തിന്റെ ഭാഗമായി വടക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
COMMENTS