V.D Satheesan is against government today
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ മുഴുവന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണെന്ന സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമാണ് ഇപ്പോഴത്തെ അവസ്ഥയുണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേന്ദ്രത്തില്‍ നിന്ന് 57000 കോടി കിട്ടാനുണ്ടെന്നാണ് ധനമന്ത്രി പറയുന്നതെങ്കിലും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത് 3100 കോടിയാണെന്നാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥത്തില്‍ എത്ര രൂപയാണ് കിട്ടാനുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രഷറി പൂട്ടി താക്കോലുമായാണ് ധനമന്ത്രി നടക്കുന്നതെന്ന് പരിഹസിച്ച അദ്ദേഹം പഞ്ചായത്തില്‍ പുല്ലുവെട്ടുന്നവര്ക്കുപോലും കാശ് കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് സ്വര്‍ണ്ണ നികുതിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വെട്ടിപ്പ് നടക്കുന്നതെന്നും വ്യക്തമാക്കി.
Keywords: V.D Satheesan, Government, Niyamasabha
COMMENTS