സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടുവെന്ന് ആരോപിച്ച് മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനി നല്കിയ പരാതിയില്‍ നടി രാഖി സാവന...
സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടുവെന്ന് ആരോപിച്ച് മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനി നല്കിയ പരാതിയില്‍ നടി രാഖി സാവന്തിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ആദിലിന്റെ പരാതിയിന്മേല് ഐ.ടി നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
നടിയുടെ അറസ്റ്റിനുള്ള നീക്കം നടക്കുന്നതിനിടെയാണ് അഭിഭാഷകന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തന്നെ പീഡിപ്പിക്കാനും സമ്മര്‍ദ്ദം ചെലുത്താനും കേസില്‍ കുടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് രാഖി സാവന്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
ദിന്‍ദോഷി അഡിഷനല്‍ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെയാണ് നടിയുടെ ജാമ്യാപേക്ഷ തള്ളിയത്.
അംബോളി പോലീസ് സ്റ്റേഷനിലാണ് ആദില്‍ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്താനായി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ രാഖി സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ടെന്നാണ് ആദില്‍ ഖാന് ദുറാനിയുടെ ആരോപണം.
രാഖി സാവന്ത് ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ നടിയുടെ മൊബൈല്‍ ഫോണിലെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് മുന്‍ ഭര്‍ത്താവായ ആദിലിന്റെ പരാതി. താനും ഉള്‍പ്പെടുന്ന സ്വകാര്യ ദൃശ്യങ്ങളാണ് ഷോയില്‍ കാണിച്ചത്. വാട്സ് ആപ്പിലടക്കം ലിങ്കുകളും പങ്കുവെച്ചു. അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് ചെയ്തതെന്നും രാഖിക്കെതിരെയുള്ള കേസില്‍ ആദില്‍ പരാതിപ്പെടുന്നു.
COMMENTS