High court order about actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് വന്‍ തിരിച്ചടി. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്.
ഒരു ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ വസ്തുതാ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടാമെന്നും പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരെന്ന് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം നടിയുടെ ഹര്‍ജിക്കെതിരെ പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോകാനാണ് നടി ശ്രമിക്കുന്നതെന്നായിരുന്നു വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.
COMMENTS