വെള്ളരിക്ക ഇല്ലേ, നമ്മള് സാലഡിലും ഐ മാസ്കായി ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്ന അതേ വെള്ളരിക്ക. അതൊരു പച്ചക്കറിയാണെന്നാണ് പലരുടേയും ധാരണ. എന്ന...
വെള്ളരിക്ക ഇല്ലേ, നമ്മള് സാലഡിലും ഐ മാസ്കായി ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്ന അതേ വെള്ളരിക്ക. അതൊരു പച്ചക്കറിയാണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ തക്കാളി ഒരു പഴമായതുപോലെ, വെള്ളരിക്കയും ഒരു പച്ചക്കറിയല്ല, പഴമാണ്. പഴ വര്ഗ്ഗത്തോടൊപ്പമല്ല, പലപ്പോഴും അടുക്കളകളില്‍ വെള്ളരിക്കയുടെ സ്ഥാനവും ഉപയോഗവും. അതുകൊണ്ടുതന്നെയാണ് വെള്ളരിക്കയെ നാം പഴങ്ങളുടെ കൂടെ ഇരുത്താത്തതും.
അതിപ്പൊ എവിടെയെങ്കിലും ഇരിക്കട്ടെ, പക്ഷേ സംഗതി ആരോഗ്യത്തിനും അഴകിനും കിടുക്കനാണെന്ന് മനസിലാക്കിയാല്‍ പിന്നെ ഇവന്റെ സ്ഥാനം നമ്മുടെ ഹൃദയത്തിലാകും.
ആധുനിക ശാസ്ത്രവും വെള്ളരിക്കയുടെ മൂല്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു ശരാശരി വലുപ്പമുള്ള വെള്ളരിക്കയില്‍ 7.8 കലോറി, 1.9 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 0.3 ഗ്രാം പ്രോട്ടീന്‍, 0.1 ഗ്രാം കൊഴുപ്പ്, 0.3 ഗ്രാം ഫൈബര്‍, 8.5 മൈക്രോഗ്രാം വിറ്റാമിന്‍ കെ (11% ഡിവി), 1.5 മില്ലിഗ്രാം വിറ്റാമിന്‍ സി (2% ഡിവി), 6.8 മില്ലിഗ്രാം മഗ്നീഷ്യം (2% ഡിവി), 76.4 മില്ലിഗ്രാം പൊട്ടാസ്യം (2% ഡിവി) എന്നിവ അടങ്ങിയിരിക്കുന്നു.
വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാന്‍ ശ്രമിക്കുക. വെള്ളരിക്കയുടെ നീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നതും മുഖം തിളങ്ങാനും മുഖത്തെ കറുത്ത പാടുകള്‍ മാറാനും സഹായിക്കും.
വെള്ളരിക്ക ജ്യൂസില്‍ ധാരാളം വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളേറ്റ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യദായകമാണ്.
ദിവസവും ഒരു ഗ്ലാസ് കുക്കുമ്പര്‍ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. ഈ ജ്യൂസിലെ വിറ്റാമിനുകളും ധാതുക്കളും (ഫോളേറ്റ് ഉള്‍പ്പെടെ) പഠന പ്രകടനത്തിനും ഏകാഗ്രതയ്ക്കും ഓര്‍മ്മശക്തിക്കും നല്ലതാണ്.
സൂര്യാഘാതത്തിനുള്ള പ്രതിവിധിയായി കുക്കുമ്പര്‍ പണ്ടേ ഉപയോഗിച്ചിരുന്നു. അപ്പൊ എങ്ങനാ, വെള്ളരിക്കയെ വീട്ടിലേക്ക് ക്ഷണിക്കുകയല്ലേ...
Key words: Cucumber, Health
COMMENTS