കൊച്ചി : ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്ത യുവാവ് മരണത്തിന് കീഴടങ്...
കൊച്ചി: ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്ത യുവാവ് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലാ സ്വദേശിയായ രാഹുല്‍ ഡി നായരാണ് (24) മരിച്ചത്.
കാക്കനാട് സെസിലെ ജീവനക്കാരനായ രാഹുലിന് കാക്കനാട്ടെ മാവേലിപുരത്തുള്ള ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് നിഗമനം.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ കഴിച്ചത്. അന്നുമുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് രാഹുലിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയും കിഡ്നിയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയും ചെയ്തിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു.
സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവര്‍മയോടൊപ്പം വിതരണം ചെയ്തോ എന്നടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്. യുവാവിന്റെ പരാതിയില്‍ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു.
സംസ്ഥാനത്ത് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. മയോണൈസ് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.
COMMENTS