ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ഐഎസ്ബിടിയിലെത്തി ചുമട്ടുതൊഴിലാളികളെ കണ്ടു. അവര്‍ക്കൊപ്പം ച...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ഐഎസ്ബിടിയിലെത്തി ചുമട്ടുതൊഴിലാളികളെ കണ്ടു. അവര്‍ക്കൊപ്പം ചുവന്ന യൂണിഫോമും ബാഡ്ജും ധരിച്ച് അവരെ ജോലിയില്‍ സഹായിക്കാനും രാഹുല്‍ ഉണ്ടായിരുന്നു. രാഹുലും അവര്‍ക്കൊപ്പം ലഗേജ് തലയില്‍ ഉയര്‍ത്തി. ഇതിനിടയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചുമട്ടുതൊഴിലാളി രാഹുല്‍ ഗാന്ധി സിന്ദാബാദ് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ചുമട്ടുതൊഴിലാളികളുമായി രാഹുല്‍ സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ട്വീറ്റ് ഇങ്ങനെയായിരുന്നു - 'ജനങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്റെ സഹപ്രവര്‍ത്തകരെ കണ്ടു. അടുത്തിടെ റെയില്‍വേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളികള്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച വീഡിയോ വൈറലായിരുന്നു. ഇന്ന് രാഹുല്‍ ജി അവരുടെ ഇടയിലേക്കെത്തി പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. ഭാരത് ജോഡോ യാത്ര തുടരുന്നു...
തൊഴിലാളികള്‍ക്കിടയിലേക്ക് രാഹുല്‍ എത്തുന്നതും സംവദിക്കുന്നതും അവര്‍ക്കൊപ്പം തൊഴില്‍ ചെയ്യുന്നതും ഇതാദ്യമായിട്ടല്ല. കഴിഞ്ഞ ഓഗസ്റ്റില്‍ ഡല്‍ഹിയിലെ ആസാദ്പൂര് മണ്ഡിയില്‍, പച്ചക്കറികളുടെയും പഴങ്ങളുടെയും വിലക്കയറ്റവുമായി ബന്ധപ്പെട്ട് കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാന്‍ മാര്‍ക്കറ്റിലേക്ക് രാഹുല്‍ നേരിട്ടെത്തിയിരുന്നു.
കൂടാതെ, ഹരിയാനയിലെ സോനിപത്തില്‍ കര്‍ഷകര്‍ക്കൊപ്പം രാഹുല്‍ പാടത്ത് നെല്കൃഷിയിലേര്പ്പെട്ടിരുന്നു. ട്രാക്ടര്‍ ഓടിച്ച് വയലും ഉഴുതുമറിച്ചു. ഇതിനിടയില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായി ഫാമിനെ സംബന്ധിച്ച് ചര്‍ച്ചയും നടത്തിയാണ് മടങ്ങിയത്.
Keywords: Rahul Gandhi, Delhi Anand Vihar ISBT, India
COMMENTS