തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ജനസാഗരം. വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി പുതുപ്പള്...
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ജനസാഗരം. വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസില്‍ എത്തിച്ചതു മുതല്‍ നേതാക്കള്‍ അടക്കമുള്ള ജനങ്ങള്‍ അന്ത്യാഞ്ജലിയുമായി ഒഴുകിയെത്തി. പൊതുദര്‍ശനത്തിനു വച്ച ദര്‍ബാര്‍ ഹാളിലും രാത്രി കെപിസിസി ഓഫീസിലും വന്‍ ജനത്തിരക്കായിരുന്നു. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും രാവിലെ 7.15 ഓടെയാണ് വിലാപയാത്ര ആരംഭിച്ചത്.
മഴയെ അവഗണിച്ചു നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ വഴിയരുകില്‍ കാത്തുനില്‍ക്കുന്നത്. വീരാ, ധീരാ, ഉമ്മന്‍ ചാണ്ടി, ആര് പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് നൊമ്പരമുണര്‍ത്തുന്ന മുദ്രാവാക്യങ്ങളിലൂടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്സിനൊപ്പം മുന്നോട്ടുനീങ്ങി തങ്ങളുടെ അന്ത്യാഞ്ജലി അറിയിച്ചു കൊണ്ടിരിക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് ജന്മ നാട്ടിലേക്കുള്ള യാത്ര അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം ഉമ്മന്‍ചാണ്ടിയുടെ മൃതദേഹത്തിനൊപ്പം യാത്രയില്‍ അനുഗമിക്കുന്നുണ്ട്.
വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. രാത്രി പുതുപ്പള്ളിയിലെ വീട്ടില്‍ എത്തിക്കും. നാളെ ഉച്ചയ്ക്കു രണ്ടിനാണ് സംസ്കാരം.
COMMENTS