ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്തെ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴക്കി ബിപര്‍ജോയ് കരതൊട്ടു. ഗുജറാത്തിലെ കച്ച് തീരത്ത് ശക്തമായ കാറ്റും ഇടതടവി...
ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്തെ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴക്കി ബിപര്‍ജോയ് കരതൊട്ടു.
ഗുജറാത്തിലെ കച്ച് തീരത്ത് ശക്തമായ കാറ്റും ഇടതടവില്ലാതെ പെയ്ത മഴയിലും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. കച്ച് ജില്ലയിലെ ജഖാവു, മാണ്ഡവി പട്ടണങ്ങള്‍ക്ക് സമീപം നിരവധി മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി, വീടുനിര്മാണത്തിനുപയോഗിച്ച ടിന് ഷീറ്റുകള്‍ പറന്നുപോയി.
രാത്രി ഏഴുമണി വരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവി പറഞ്ഞു.
ദേവഭൂമി ദ്വാരക ജില്ലയില്‍ മരംവീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ഗുജറാത്ത് പോലീസിന്റെയും എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സംഘങ്ങള്‍ ദ്വാരകയുടെ വിവിധ ഭാഗങ്ങളില്‍ കടപുഴകിവീണ മരങ്ങളും വൈദ്യുത തൂണുകളും നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളെ ഉച്ചയ്ക്ക് 12 മണിയോടെ ബിപാര്‍ജോയ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറുമെന്ന് ഐഎംഡി പ്രവചിച്ചതായി എന്‍ഡിആര്‍എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ നരേന്ദ്ര സിംഗ് ബുണ്ടേല പറഞ്ഞു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെയായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് തീരങ്ങളിലെ ദ്വാരക, ഓഖ, നാലിയ, ഭുജ്, പോര്‍ബന്തര്‍, കാണ്ട്ല എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
വൈകുന്നേരം വരെ എട്ട് തീരദേശ ജില്ലകളിലായി താമസിക്കുന്ന 94,000 പേരെ താല്‍ക്കാലിക താമസസ്ഥലത്തക്ക് മാറ്റിയതായി സംസ്ഥാന ഭരണകൂടം അറിയിച്ചു.
Key Words: Biparjoy, Cyclone, Gujarat, India
COMMENTS