Lady doctor stabbed to death at Kottarakkara taluk hospital
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. പൊലീസുകാര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. അടിപിടി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമാസക്തനായ പ്രതി കത്രിക ഉപയോഗിച്ച് ഡോക്ടറുടെ കഴുത്തിലും തലയിലും മുഖത്തും കുത്തുകയായിരുന്നു.
അധ്യാപകനായ പ്രതി സന്ദീപ് ലഹരിക്ക് അടിമയായതിനാല്‍ സസ്പെന്‍ഷനിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളുമായി ഐ.എം.എ രംഗത്തെത്തി. അത്യാഹിത വിഭാഗം ഒഴികെ മുഴുവന്‍ ഡോക്ടര്‍മാരും സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ 24 മണിക്കൂര്‍ സമരം ചെയ്യും.
ഇന്നു മുതല്‍ നാളെ രാവിലെ എട്ടു മണി വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു ചേരുന്ന യോഗത്തില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കുന്നതിനെക്കുറിച്ചും ഐ.എം.എ കേരള ഘടകം തീരുമാനമെടുക്കും.
COMMENTS