അഭിനന്ദ് ന്യൂഡൽഹി : ജനം സമ്പൂർണ്ണ അധികാരം കയ്യിൽ വച്ചുകൊടുത്തിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാനാവാതെ കർണാടകത്തിൽ കോൺഗ്രസ് നട്ടം തിരിയുന്...
അഭിനന്ദ്
ന്യൂഡൽഹി : ജനം സമ്പൂർണ്ണ അധികാരം കയ്യിൽ വച്ചുകൊടുത്തിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാനാവാതെ കർണാടകത്തിൽ കോൺഗ്രസ് നട്ടം തിരിയുന്നു.
മുഖ്യമന്ത്രിപദത്തിനായി വാശിപിടിച്ചു നിൽക്കുന്ന സിദ്ധരാമയ്യയും ശിവകുമാറും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെ നാലാം ദിവസവും തീരുമാനമൊന്നും എടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല.
മുഖ്യമന്ത്രിപദം പങ്കിട്ടെടുക്കുക എന്ന ആശയമാണ് പാർട്ടി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. ഇത് രണ്ടു നേതാക്കൾക്കും സ്വീകാര്യമല്ല.
പിസിസി അധ്യക്ഷൻ കൂടിയായ ഡി കെ ശിവകുമാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറാക്കുന്നില്ല.
ശിവകുമാറിന് ഉപ മുഖ്യമന്ത്രിപദവും അദ്ദേഹം ഇഷ്ടപ്പെടുന്ന ആറ് വകുപ്പുകളുടെ ചുമതലയും കൊടുക്കാമെന്നാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ച ഉപാധി.
ആദ്യത്തെ രണ്ടുവർഷം സിദ്ധരായ മുഖ്യമന്ത്രി ആവുകയും തുടർന്നുള്ള മൂന്ന് വർഷം ശിവകുമാറിന് മുഖ്യമന്ത്രിപദം നൽകുകയും ചെയ്യാം എന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർ ഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പറഞ്ഞിട്ടും ശിവകുമാർ വഴങ്ങുന്നില്ല.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി നാളെ ശിവകുമാറിനെ കണ്ടേക്കുമെന്ന് സൂചനയുണ്ട്.
സംസ്ഥാനത്ത് തകർന്നു തരിപ്പണമായ കോൺഗ്രസ് പാർട്ടിയെ താൻ ഒറ്റയ്ക്കാണ് നാലുവർഷം കൊണ്ട് അധികാരത്തിലേക്ക് തിരിച്ചുപിടിച്ചതെന്നും ബിജെപിയോടൊപ്പം മറുകണ്ടം ചാടാൻ നിന്ന എംഎൽഎമാരെ പിടിച്ചു നിർത്തിയതും തൻറെ മിടുക്കാണ്.
അതിനാൽ മുഖ്യമന്ത്രിപദം തനിക്കു മാത്രം അവകാശപ്പെട്ടതാണെന്നും ശിവകുമാർ പറയുന്നു.
ഇനി ഒരു തവണ കൂടി മത്സരിക്കാൻ ഇല്ലെന്നും അതിനാൽ തനിക്ക് തന്നെ മുഖ്യമന്ത്രിപദം വേണമെന്നാണ് സിദ്ധരാമയയുടെ വാദം.
തങ്ങളുടെ അവകാശവാദങ്ങൾ ഉറപ്പിക്കുന്നതിനായി രണ്ട് പക്ഷക്കാരും ജാതി നേതൃത്വങ്ങളെ കൂട്ടുപിടിക്കുന്നുണ്ട്.
ഒരു വർഷത്തിനപ്പുറം പാർലമെൻറ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശിവകുമാറിനെയും സിദ്ധരാമയും പിണക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കോൺഗ്രസ് നേതൃത്വം.
തങ്ങളുടെ പക്ഷത്ത് പരമാവധി എംഎൽഎമാരെ നിർത്താൻ രണ്ടു നേതാക്കളും തീവ്രശ്രമത്തിലാണ്.
താൻ പാർട്ടി പിളർത്തില്ലെന്നും പിന്നിൽ നിന്ന് കുത്തില്ലെന്നും
ശിവകുമാർ ആവർത്തിച്ച് പറയുന്നുണ്ട്.
എന്നാൽ, ബിജെപി നേതൃത്വം ശിവകുമാറിനെ ചാക്കിടാൻ ചില ശ്രമങ്ങൾ നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇതുതന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന് കൂടുതൽ നെഞ്ചിടിപ്പ് ഉണ്ടാക്കുന്നതും.
കർണാടക മുഖ്യമന്ത്രിപദം: സിദ്ധരാമയ്യയും ശിവകുമാറും വിട്ടുവീഴ്ചയ്ക്കില്ല, നട്ടം തിരിഞ്ഞ് കോൺഗ്രസ് നേതൃത്വം
COMMENTS