Life mission issue in Niyamasabha today
തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസുമായി ബന്ധപ്പെട്ട് ഇന്നും നിയമസഭയില്‍ ബഹളം. മാത്യു കുഴല്നാടന് എം.എല്‍.എയും മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയവുമായി ബന്ധപ്പെട്ട് കടുത്ത വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സഭ അലങ്കോലപ്പെട്ടു.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക്കും റെഡ് ക്രസന്റും കരാറിലേര്‍പ്പെട്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണെന്നുള്ള വാട്സ് ആപ്പ് സന്ദേശത്തെക്കുറിച്ചുള്ള മാത്യു കുഴല്നാടന് എംല്‍എയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.
അന്വേഷണ ഏജന്‍സിയുടെ വക്കാലത്തുമായി വന്നിരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
അതേസമയം എല്ലാ തെളിവുകളും നിരത്തിയായിരുന്നു മാത്യു കുഴല്നാടന് മുഖ്യമന്ത്രിയെ പ്രതിരോധിച്ചത്. അതിനെല്ലാം പതിവ് ദേഷ്യപ്പെടല്‍ ആയുധമാക്കിയാണ് മുഖ്യമന്ത്രി പ്രതിരോധിച്ചത്.
നിയമസഭയുടെ ശൂന്യവേളയിലാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സഭ പരിഗണിച്ചത്. ഇത് ഭരണപക്ഷവും പ്രതിപക്ഷം പോലും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ പ്രതിപക്ഷത്തിന്റെ ഇത്തരം നോട്ടീസുകള്‍ തള്ളുകയാണ് പതിവ്.
വിഷയം പരിഗണനയ്ക്കെടുത്തതിനെ മന്ത്രി എം.ബി രാജേഷ് ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സഭ കുറച്ചു നേരത്തേക്ക് നിര്‍ത്തിവയ്ക്കുകയും പിന്നീട് പുനരാരംഭിക്കുകയുമായിരുന്നു.
COMMENTS