സ്വന്തം ലേഖകന്‍ കണ്ണൂര്‍: സമുന്നത സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി. മുഖ്യമന്ത്രി പിണറായി വിജയ...
സ്വന്തം ലേഖകന്‍
കണ്ണൂര്‍: സമുന്നത സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മൃതദേഹം ജന്മനാട്ടിലേക്ക് ഏറ്റുവാങ്ങി തലശ്ശേരിയിലേക്കു വിലാപയാത്രയായി പുറപ്പെട്ടു. പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് വിമാനത്താവളത്തിലും പരിസരത്തും തടിച്ചുകൂടിയത്.
ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരുമുണ്ടായിരുന്നു.
നേതാക്കളും റെഡ് വോളണ്ടിയര്‍മാരും ചേര്‍ന്ന് വിലാപയാത്രയ്ക്ക് അകമ്പടി ന്‌ലകുന്നു. മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കും. ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാനായി വിലാപയാത്ര 14 കേന്ദ്രങ്ങളില്‍ നിര്‍ത്തും.ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പയ്യാമ്പലത്തേക്ക് ജനപ്രവാഹമുണ്ടാക്കരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക. ഇന്നു മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.
തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകുമെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും.
COMMENTS