സ്വന്തം ലേഖകന്‍ കൊച്ചി: തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിക്കുന്ന കേസുകളില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിന്റെ...
സ്വന്തം ലേഖകന്‍
കൊച്ചി: തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിക്കുന്ന കേസുകളില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കൊച്ചി വെണ്ണലയിലെ കേസിലെ നടപടികള്‍ പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിനു കൈമാറും. തിരുവനന്തപുരത്തു നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
വെണ്ണലയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യിലിനു വിധേയാനാവുന്നതിനായി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഇന്നുച്ചയോടെ ഹാജരായിരുന്നു. അപ്പോഴാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
മകന് ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജ് സ്റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, അറസ്റ്റിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോള്‍ കോടതിയുടെ വിലക്കുള്ളതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനിടെ, ജോര്‍ജിനെതിരേ മുദ്രാവാക്യവുമായി പിഡിപി പ്രവര്‍ത്തകരും അദ്ദേഹത്തെ പിന്തുണച്ച് ബിജെപി പ്രവര്‍ത്തകരും എത്തിയതോടെ സ്റ്റേഷന് പരിസരത്ത് കനത്ത സംഘര്‍ഷം ഉടലെടുത്തിരുന്നു. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. ബഹളം വച്ചവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
തിരുവനന്തപുരത്തെ പ്രസംഗ കേസില്‍ പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ട്് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം ഇന്നു രാവിലെ റദ്ദാക്കിയിരുന്നു.
ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ഫോര്‍ട്ട് പൊലീസിന് അന്വേഷണത്തിന്റെ ഭാഗമായി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രീണന രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് പി.സി. ജോര്‍ജെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. മത, ജാതി സ്പര്‍ധ വളര്‍ത്തി വോട്ടു നേടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നടപടിയെന്നും ഷോണ്‍ പ്രതികരിച്ചു.
COMMENTS