Cheteshwar Pujara and Ajinkya Rahane will play in the crucial third Test against South Africa, says legend Sunil Gavaskar
കേപ്ടൗണ്‍ : നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേതേശ്വര്‍ പൂജാരയ്ക്കും അജിന്‍ക്യ രഹാനെയ്ക്കും സ്ഥാനം കിട്ടുമെന്ന് ഇതിഹാസതാരം സുനില്‍ ഗാവസ്കര്‍.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മത്സരം ജയിച്ചു നില്‍ക്കെ 11 മുതല്‍ കേപ്ടൗണില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് അതിപ്രധാനമായി മാറുകയാണ്.
ആദ്യ മത്സരത്തില്‍ അമ്പേ പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലൂടെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്.
ഇന്ത്യയ്ക്കാകട്ടെ സീനിയര്‍ താരങ്ങളുടെ കളിക്കാരുടെ ഫോമില്ലായ്മ തലവേദനയായിരിക്കുന്നു. മധ്യനിര താരങ്ങളായ പൂജാരയും രഹാനെയും കുറേ കാലമായി നല്ല ഫോമിലല്ല. എന്നിട്ടും ഇരുവരും മൂന്നാം ടെസ്റ്റ് ടീമില്‍ ഇടം നേടുമെന്നു ഗവാസ്കര്‍ ഉറപ്പിച്ചു പറയുന്നു.
മൂന്നാം ടെസ്റ്റിനുള്ള തന്റെ ടീമിനെ തിരഞ്ഞെടുത്തുകൊണ്ടാണ് ഗാവസ്കര്‍ പൂജാരയും രഹാനെയും ടീമിലുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്നത്.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ അര്‍ധശതകം നേടിയതിനാലാണ് ഇരുവരും ടീമില്‍ ഉണ്ടാവുകയെന്നു ഗാവസ്കര്‍ പറയുന്നു.
ടീമില്‍ കാര്യമായ മാറ്റം വേണമെന്നില്ല. ആദ്യ ടെസ്റ്റ് ജയിച്ച അതേ ടീം തന്നെയാണ് വിരാട് കോലി തിരിച്ചെത്തുമ്പോള്‍ ഉണ്ടാവുക. ഹനുമ വിഹാരി പുറത്തിരിക്കുന്നതാകും നല്ലത്. സിറാജിന് പരിക്കുള്ളതിനാല്‍ ഉമേഷ് യാദവ് അല്ലെങ്കില്‍ ഇശാന്ത് ശര്‍മ ടീമിലെത്തണം.
പൂജാര, രഹാനെ എന്നിവരെ പുറത്തിരുത്തുന്നത് ബുദ്ധിയല്ല. പരിചയസമ്പത്തുള്ള അവരുടെ സാന്നിദ്ധ്യം ടീമിലെ യുവ കളിക്കാര്‍ക്ക് തുണയാകും.
രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കാത്തത് ഇന്ത്യയെ ബാധിച്ചു. താത്കാലിക ക്യാപ്ടന് കെ.എല്‍. രാഹുലിന്റെ മോശം ക്യാപ്റ്റന്‍സി കളിയെ ബാധിച്ചു, ഗാവസ്കര്‍ നിരീക്ഷിക്കുന്നു.
COMMENTS