MV Jayarajan re-elected CPM Kannur district secretary. The party unanimously elected him in the Kannur district convention
കണ്ണൂര്‍ : എം വി ജയരാജനെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനം ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്.
ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ വേളയിലാണ് എം വി ജയരാജന് ജില്ലാ സെക്രട്ടറിയായത്.
പി ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിമയിച്ചത് അടുത്തിടെയാണ്. ജില്ലാ സെക്രട്ടറി പദത്തിലേക്കു പി ജയരാജന്റെ പേര് ഉയര്‍ന്നു വരാതിരിക്കാന്‍ കൂടിയായിരുന്നു ഈ നിയമനം. കണ്ണൂരില്‍ പിജെ ആര്‍മി എന്ന പേരില്‍ ജയരാജന് അനുകൂലികള്‍ ശക്തരാണ്.
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ ജില്ലയില്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ചില നേതാക്കള്‍ക്ക് ഇവരെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിഞ്ഞില്ലെന്നതായിരുന്നു പ്രധാന വിമര്‍ശം.
ചിലര്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും പേര് ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഇത് തടയാന്‍ നേതാക്കള്‍ക്കായില്ല. പ്രവര്‍ത്തന റിപ്പോര്‍ട്ടിന് മേല്‍ നടന്ന പൊതുചര്‍ച്ചയിലാണ് സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നത്.
എന്നാല്‍, ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പൊതു ചര്‍ച്ചക്ക് മറുപടി പറയവേ എം.വി ജയരാജന് ഓരോന്നായി വിശദീകരിച്ചു. 12 വനിതകള്‍ ഉള്‍പ്പെടെ 49 പേരാണ് രണ്ട് ദിവസമായി നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത്.
Summary : MV Jayarajan re-elected CPM Kannur district secretary. The party unanimously elected him in the Kannur district convention.
COMMENTS