Music director Kaithapram Viswanathan has passed away while undergoing treatment for cancer
കോഴിക്കോട് : കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന് (58) അന്തരിച്ചു.
കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം. ഗാനരചയിതാവും കവിയും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.
കൈതപ്രം വിശ്വനാഥന് കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്. 25ല്‍ പരം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കണ്ണകിയിലെ പശ്ചാത്തല സംഗീതത്തിന് 2001ലെ സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹനായി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പരേതരായ അദിതി അന്തര്‍ജനത്തിന്റെയും കണ്ണാടി കേശവന് നമ്പൂതിരിയുടെയും മകനായി കണ്ണൂരിലെ കൈതപ്രം ഗ്രാമത്തില്‍ 1963ല്‍ ജനിച്ചു. ഭാര്യ: ഗൗരിക്കുട്ടി. മക്കള്‍:അദിതി, നര്‍മദ, കേശവ്.
തിരുവനന്തപുരത്തെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം പൂര്‍ത്തിയാക്കി.
കരിനീലക്കണ്ണഴകീ..., സാറേ സാറേ സാമ്പാറേ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം... എന്നു വരും നീ..., വേളിക്കു വെളുപ്പാന്‍ കാലം.., ഇനിയൊരു ജന്മമുണ്ടെങ്കില്... തുടങ്ങിയ ജനപ്രിയ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയവയാണ്. നിരവധി സംഗീത ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്.
ദേശാടനം എന്ന ചലച്ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹായിയായി പിന്നണി സംവിധാനം ചെയ്തുകൊണ്ടാണ് സിനിമയിലെത്തിയത്.
Summary:
COMMENTS