Aryan Khan, who was arrested during a drunken party on a luxury cruise ship, has been granted bail by the Bombay High Court
ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ആര്യന് ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടു പ്രതികളായ അര്‍ബ്ബാസ് മെര്‍ച്ചന്റിനും മൂണ്‍ മൂണ്‍ ധമേച്ചക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്ത് 25 ദിവസത്തിനുശേഷമാണ് ആര്യന് ഖാന് ജാമ്യം കിട്ടിയിരിക്കുന്നത്. ആര്‍തര്‍ റോഡ് ജയിലിലാണ് ഒക്ടോബര്‍ ഏഴ് മുതല്‍ ആര്യന് ഖാന് കഴിയുന്നത്.
മുംബയിലെ പ്രത്യേക കോടതിയില്‍ ഷാരൂഖ് ഖാന്റെ മകന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ആര്യന് ഖാന് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
വിശദമായ ഉത്തരവിന്റെ പകര്‍പ്പ് നാളെ ലഭിക്കുമെന്ന് കോടതി വിധിക്കുശേഷം ആര്യന് ഖാന്റെ അഭിഭാഷകന് മുകുള്‍ റോത്തഗി അറിയിച്ചു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ എല്ലാ പ്രതികളും ജയില്‍ മോചിതരാവുമെന്ന് പ്രതീക്ഷിക്കുന്നതായും മുകുള്‍ റോത്തഗി വ്യക്തമാക്കി.
ജാമ്യം ലഭിക്കുന്നവര്‍ വൈകിട്ട് അഞ്ചിന് മുമ്പ് വിടുതല്‍ ഉത്തരവ് ആര്‍തര്‍ റോഡ് ജയിലിന് പുറത്തുള്ള പെട്ടിയില്‍ നല്‍കണമെന്നാണ് ചട്ടം. നാളെ രാവിലെ ആറ് മണിക്ക് ജാമ്യപ്പെട്ടി തുറന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആര്യന് മോചനം സാദ്ധ്യമാകും.
20 പേരെ ഈ കേസില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ രണ്ടു പേര്‍ക്ക് കീഴ്ക്കോടതി ജാമ്യം നല്‍കിയിരുന്നു.
COMMENTS