Leading filmmaker, producer Anthony Eastman has died at the age of 75
തൃശൂര്‍ : പ്രമുഖ ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്റണി ഈസ്റ്റ്മാന് (75) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലായിരുന്നു അന്ത്യം. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
തൃശൂര്‍ ജില്ലയിലാണ് ജനനം. കുന്നംകുളം ചൊവ്വന്നൂരില്‍ മുരിങ്ങാത്തേരി കുര്യാക്കോസിന്റെയും മാര്‍ത്തയുടെയും മകനായി 1946ല്‍ ജനിച്ചു.
ഫോട്ടോഗ്രാഫറായി അറുപതുകളുടെ മധ്യത്തില്‍ സജീവമായി. പിന്നീട് എറണാകുളത്തേക്കു മാറി. ഈസ്റ്റ്മാന് എന്ന പേരില്‍ സ്റ്റുഡിയോ എറണാകുളത്ത് ആരംഭിച്ചു. തുടര്‍ന്നാണ് ആന്റണി ഈസ്റ്റ്മാന് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
ഇണയെ തേടി, വയല്‍, അമ്പട ഞാനേ!, വര്‍ണത്തേര്, ഐസ്ക്രീം, മൃദുല എന്നിങ്ങനെ ഏഴ് സിനിമകളാണ് ആന്റണി ഈസ്റ്റ്മാന് സംവിധാനം ചെയ്തത്. ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന് തുടങ്ങി വലിയ താരനിര അണിനിരന്ന അമ്പട ഞാനേ ഏറെ ശ്രദ്ധിക്കപ്പെട്ടു. നടി സില്‍ക്ക് സ്മിതയും സംഗീത സംവിധായകന് ജോണ്‍സണും ഇണയെ തേടി എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം കുറിച്ചത്.
നിരവധി ചിത്രങ്ങള്‍ക്ക് കഥ രചിച്ചു. രചന, ഈ തണലില്‍ ഇത്തിരി നേരം, തസ്കരവീരന് എന്നിവയാണ് കഥയെഴുതിയവയില് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Summary: Leading filmmaker, producer Anthony Eastman has died at the age of 75. He died in Thrissur following a heart attack. He was also noted as an author and still photographer.
COMMENTS