അഭിനന്ദ് ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയപ്പോഴും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപ്രതീക്ഷിത പരാജയം. വിജയിച്ചുവെന്ന...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയപ്പോഴും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപ്രതീക്ഷിത പരാജയം.
വിജയിച്ചുവെന്ന് ഉറപ്പിച്ച ശേഷം മമത 1736 വോട്ടിന് സുവേന്ദു അധികാരിയോട് നന്ദിഗ്രാമില്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്തയാണ് വൈകി വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നും ജയിച്ച താന്‍ പരാജയപ്പെട്ടതിന്റെ കാരണമറിയാന്‍ കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു.
സുവേന്ദുവിന്റെ ലീഡ് ആറു മുതല്‍ 12,000 വരെ എത്തിയ ശേഷമായിരുന്നു മമത വിജയിച്ചതായി റിപ്പോര്‍ട്ട് വന്നത്. പിന്നീടാണ് ഫലം മാറിമറിഞ്ഞതും സുവേന്ദു വിജയിച്ചതായി പ്രഖ്യാപനം വന്നതും.
മമതയുടെ വലം കൈയായിരുന്ന, പിന്നീട് ബിജെപിയിലേക്കു ചേക്കേറിയ, നേതാവാണ് സുവേന്ദു അധികാരി. സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ചു നന്ദിഗ്രാമില്‍ ചെന്നു മമത മത്സരിക്കുകയായിരുന്നു.
2011 ല്‍ ആദ്യമായി മമതാ ബാനര്‍ജി അധികാരത്തിലെത്തിയത് നന്ദിഗ്രാം പ്രശ്നം ഉയര്‍ത്തിക്കാട്ടിയായിരുന്നു. 2011 ല്‍ കര്‍ഷകരുടെ ഭൂമി അവകാശങ്ങള്‍ക്കായി പ്രചാരണം നടത്തുന്നതില്‍ മമതയുടെ വലംകൈയായിരുന്നു സുവേന്ദു അധികാരി.
വര്‍ഷങ്ങളായി അധികാരി കുടുംബത്തിന് നന്ദിഗ്രാമില്‍ ശക്തമായ ബന്ധങ്ങളുണ്ട്. ഈ തിരഞ്ഞെടുപ്പില്‍, നന്ദിഗ്രാമില്‍ അതു ഗുണം ചെയ്യുമെന്നു ബിജെപി കണക്കുകൂട്ടുകയായിരുന്നു.
അധികാരിയുടെ വിശ്വാസവഞ്ചനയ്ക്കു പകരം വീട്ടാന്‍ കൂടിയാണ് കൊല്‍ക്കത്തയിലെ ഭുവാനിപുര് നിയോജകമണ്ഡലം ഉപേക്ഷിച്ചു മമത നന്ദിഗ്രാമില്‍ മത്സരിക്കാനെത്തിയത്.
നന്ദിഗ്രാമില്‍ പ്രചാരണത്തിനിടയിലാണ് 66 കാരിയായ മുഖ്യമന്ത്രിക്ക് കാലിന് പരിക്കേറ്റത്. സംഭവത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചിരുന്നു.
പധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നിരവധി ബിജെപി നേതാക്കള്‍ എന്നിവരുടെ കൂട്ടായ യത്നമാണ് മമതയുടെ തേരോട്ടത്തില്‍ ബംഗാളില്‍ നിഷ്പ്രഭമായത്.
50,000 ത്തിലധികം വോട്ടുകള്‍ക്ക് മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സുവേന്ദു അധികാരി പ്രതിജ്ഞയെടുത്തിരുന്നു. മമതയെ പരിഹസിച്ചുകൊണ്ട് ''മുന്‍ മുഖ്യമന്ത്രി'' എന്ന പേരില്‍ മമതയ്ക്കു വേണ്ടി ലെറ്റര്‍ ഹെഡും ഒരുക്കിയിരുന്നു!
ആകെയുള്ള 292ല്‍ 215 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം. 52 സീറ്റ് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലാണ്. ബിജെപിക്ക് 76 സീറ്റിലേ മുന്നേറാനായിട്ടുള്ളൂ. 2019നെ അപേക്ഷിച്ച് അവര്‍ 43 സീറ്റ് പിന്നിലുമാണ്. ഇടതു പക്ഷത്തിന് കിട്ടിയത് ഒരു സീറ്റാണ്. കഴിഞ്ഞ തവണ അവര്‍ക്ക് എട്ടു സീറ്റുണ്ടായിരുന്നു.
Keywords: Mamata Banerjee, Chief Minister, West Bengal, BJP, Modi, Prime Minister, Chief Minister, Election Commission, Union Home Minister, Amit Shah, Kolkata, IT cell, Amit Malviya
COMMENTS