ചെന്നൈ : നടന് രജനീകാന്ത് രാഷ്ട്രീയ പ്രവേശം വേണ്ടെന്നുവച്ചതോടെ ആരാധകര്‍ കടുത്ത നിരാശയില്‍. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് രാഷ്ട്രീയ രംഗപ്രവേശ...
ചെന്നൈ : നടന് രജനീകാന്ത് രാഷ്ട്രീയ പ്രവേശം വേണ്ടെന്നുവച്ചതോടെ ആരാധകര്‍ കടുത്ത നിരാശയില്‍.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് രാഷ്ട്രീയ രംഗപ്രവേശം വേണ്ടെന്നു രജനി തീരുമാനിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നാണ് രജനി പറഞ്ഞത്.
എന്നോട് നിങ്ങള്‍ ക്ഷമിക്കുക എന്നും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ രജനി ജനങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനി നേരത്തെ പറഞ്ഞിരുന്നത്.
120 പേര് മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് അതിന്റെ പ്രശ്നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന ചോദ്യം അദ്ദേഹം ആരാധകരോടു ചോദിക്കുന്നു.
എന്നാല്‍, പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു.
അണ്ണാതെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ രക്തസമ്മര്‍ദ്ദ വ്യതിയാനത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും അതീവ ജാഗ്രത വേണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്.
ഒരാഴ്ച പൂര്‍ണമായും ബെഡ് റെസ്റ്റ്, ടെന്‍ഷന്‍ വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, കോവിഡ് പകരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നോട്ടു വച്ചിട്ടുള്ളത്.
ഏതാനും വര്‍ഷം മുന്‍പ് രജനിക്ക് വൃക്ക മാറ്റിവച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
രാഷ്ട്രീയത്തിലേക്കില്ലെന്ന രജനിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീണ്ടും രജനീകാന്തിനെ സന്ദര്‍ശിക്കുമെന്നും കമല്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞു.
രജനീകാന്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ക്കുള്ള അതേ നിരാശ തനിക്കുമുണ്ട്. എങ്കിലും രജനിയുടെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ പറഞ്ഞു.
COMMENTS