ചെന്നൈ: ഗായകന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിച്ച് ഗുരുതര...
ചെന്നൈ: ഗായകന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് അന്ത്യം സംഭവിച്ചത്.
കോവിഡ് ബാധിച്ച് ഗുരുതര നിലയില്‍ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ഭേദമായെങ്കിലും ശ്വാസകോശ രോഗം കലശലായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.
ഭാര്യ: സാവിത്രി. മക്കള്‍: പല്ലവി, എസ് പി ബി ചരണ്‍ (ഗായകന്).
ആസ്വാദക ലക്ഷങ്ങളുടെ മനസുകളെ സംഗീതസാന്ദ്രമാക്കിയവയാണ് എസ്പി ബാലസുബ്രഹ്മണ്യം ആലപിച്ച ഗാനങ്ങള്‍. വിടവാങ്ങി.
കോവിഡ് ബാധിച്ച് ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ അസുഖം ഗുരുതരമല്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് എസ് പി ബി തന്നെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പിന്നീട് സ്ഥിതി വഷളായതിനെ തുടര്‍ന്ന് 14ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.
അരനൂറ്റാണ്ടിലധികം വരുന്നതാണ് അദ്ദേഹത്തിന്റെ സംഗീത ജീവിതം. 16 ഭാഷകളിലായി നാല്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്.
ആന്ധ്രയിലെ നെല്ലൂരിലാണ് ജനനം. ഹരികഥാ കാലക്ഷേപ കലാകാരനായ എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തള അമ്മയുടെയും മകനാണ്. 1946 ജൂണ്‍ നാലിനാണ് ജനനം.
എന്‍ജിനീയറാകാനായിരുന്നു ആഗ്രഹം. പ്രതീക്ഷിക്കാതെയാണ് സംഗീതത്തിലേക്കു തിരിഞ്ഞത്. എന്‍ഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് ഒരു പാട്ടു മത്സരത്തില്‍ എസ് ജാനകിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവരുടെ പ്രചോദനമാണ് സിനിമയിലേക്ക് എസ് പി ബിക്കു വഴി തുറന്നത്.
1966 ഡിസംബര്‍ 15 നാണ് പിന്നണി ഗായകനായി അദ്ദേഹം അരങ്ങേറ്റം നടത്തിയത്. എസ് പി കോദണ്ഡപാണിയുടെ'ശ്രീ ശ്രീ മര്യാദ രാമണ്ണ ' എന്ന തെലുങ്കു സിനിമയില്‍ ഹരിഹരനാരായണോ..., ഏമിയേ വിന്ത മോഹം... എന്നീ ഗാനങ്ങള്‍ പാടി.' കടല്‍പ്പാലം' എന്ന സിനിമയില്‍ വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്കിയ 'ഈ കടലും മറുകടലും...' എന്ന പാട്ടിലുടെ മലയാളത്തില്‍ അരങ്ങേറിയ എസ് പി ബി പുതിയൊരു ഭാവുകത്വത്തിനു വഴിതുറന്നു.
ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ ഗായകനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ചത്. ആറു തവണയാണ് ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്. 2011ല്‍ പത്മഭൂഷന്‍ നല്കി രാജ്യം ആദരിച്ചു.
72 സിനിമകളില്‍ അഭിനേതാവുമായി. നൂറിലേറെ സിനിമകള്‍ക്ക് ഡബ് ചെയ്തു. 46 സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു.
COMMENTS