മലപ്പുറം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലായ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനി...
മലപ്പുറം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലായ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റി.
തട്ടിപ്പുകേസില്‍ വ്യാപക പ്രതിഷേധം ഉയരുകയും കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് അറിയിക്കുകയും ചെയ്തതോടെയാണ് കമറുദ്ദീനെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്നു ലീഗ് പിന്നാക്കം പോയത്.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇതു തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും കമറുദ്ദീനെ നീക്കുന്നതിനു കാരണമായി.
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കമറുദ്ദീനുമായി ഫോണില്‍ സംസാരിച്ച ശേഷമായിരുന്നു തീരുമാനം. കെപിഎ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.
കമറുദ്ദീന്റെ ആസ്തികളും ബാധ്യതകളും സംബന്ധിച്ച് ഈമാസം 30 ന് മുന്‍പ് വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണം. കമറുദ്ദീന്റെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ആറുമാസത്തിനകം നല്‍കണം. മുസ്ലിം ലീഗ് ജില്ലാ ട്രഷാര്‍ കല്ലട മാഹീന്‍ ഹാജിക്കാണ് ഇക്കാര്യങ്ങളുടെ ചുമതല.
പണം തികയാതെ വന്നാല്‍ ബന്ധുക്കളുടെയോ അഭ്യുദയകാംക്ഷികളുടെയോ പക്കല്‍ നിന്നു പണം സ്വരൂപിച്ച് നിശ്ചിത സമയത്തിനുള്ളില്‍ മടക്കിക്കൊടുക്കണം. നിക്ഷേപകരുടെ ആശങ്കയ്ക്കു പാര്‍ട്ടി പ്രാഥമിക പരിഗണന നല്‍കുന്നെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിശദീകരണം നല്കാന്‍ കമറുദ്ദീന്‍ മലപ്പുറത്തെത്തിയെങ്കിലും നേരില്‍ കാണാന്‍ തങ്ങളോ മറ്റു നേതാക്കളോ തയ്യാറായില്ല. കമറുദ്ദീനെ അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ മലപ്പുറത്ത് എത്തിയതും ലീഗ് നേതൃത്വത്തിന് അലോസരമുണ്ടാക്കി. കമറുദ്ദീന്‍ ചെയര്‍മാനായി 2006-ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയാണ് ആദ്യം രൂപവത്കരിച്ചത്. തുടര്‍ന്ന് 2008-ല്‍ കമര്‍ ഫാഷന്‍ ഗോള്‍ഡ്, 2009- നുജൂം ഗോള്‍ഡ്, 2012-ല്‍ ഫാഷന്‍ ഓര്‍ണമെന്റ്സ് എന്നീ സ്ഥാപനങ്ങള്‍കൂടി രൂപീകരിച്ചു.
749 പേര്‍ നാല് കമ്പനികളിലായി ഏകദേശം 150 കോടി രൂപയുടെ നിക്ഷേപം നടത്തി. 2017-നുശേഷം കമ്പനിയുമായി ബന്ധപ്പെട്ട ഒരു രേഖയും രജിസ്ട്രാര്‍ ഒഫ് കമ്പനീസില്‍ നല്കിയിട്ടില്ല. 2017-നുശേഷം ജനറല്‍ ബോഡി യോഗവും നടന്നിട്ടില്ല.
തട്ടിപ്പ് പുറത്തായതോടെ ബിസിനസ് പൊളിഞ്ഞെന്നു പറഞ്ഞു കമറുദ്ദീന്‍ കൈമലര്‍ത്തുകയായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നതിനാല്‍ ലീഗിന് കൈയൊഴിയാനാവാത്ത സ്ഥിതി വന്നു ചേരുകയായിരുന്നു.
Keywords: MC Kamarudeen, Muslim League, UDF, Kasargod, Scam
COMMENTS