ന്യൂഡല്‍ഹി: രാജ്യത്തു മൊത്തത്തില്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന സൂചന നല്‍കിക്കൊണ്ട്, കൊറോണ മരണവും വൈറസ് ബാധിതരുടെ എണ്ണവും കൂടുന്നു. ജമ്മു ...
ന്യൂഡല്‍ഹി: രാജ്യത്തു മൊത്തത്തില്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന സൂചന നല്‍കിക്കൊണ്ട്, കൊറോണ മരണവും വൈറസ് ബാധിതരുടെ എണ്ണവും കൂടുന്നു.
ജമ്മു കശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ ആദ്യ മരണമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. ശ്രീനഗറിലെ ഹൈദര്‍പുര സ്വദേശിയും മതപ്രബോധകനുമായ 65 കാരനാണ് മരിച്ചത്.
ഇദ്ദേഹം അടുത്തിടെ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങള്‍ ഇദ്ദേഹം മറച്ചുവച്ചതായും അധികൃതര്‍ അറിയിച്ചു. ഇദ്ദേഹവുമായി ബന്ധം പുലര്‍ത്തിയ നാലുപേര്‍ക്ക് ഇതിനകം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നയാളാണ് ഇയാള്‍. ഈ മരണത്തോടെ, ഡല്‍ഹിയിലും യുപിയിലും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
മഹരാഷ്ട്രയിലെ നവി മുംബയില്‍ മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. രാജ്യത്ത് കൊറോണ വൈറസ് നിമിത്തം മരിച്ചവരുടെ എണ്ണം 15 ആയി. രോഗബാധിതരുടെ എണ്ണം 659 ആയി ഉയരുകയും ചെയ്തു.
മഹാരാഷ്ട്രയിലെ താനെയില്‍ ഇന്ന് രണ്ടു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 130 ആയി. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Keywords: INdia, Jammu Kashmir, Corona death, Covid 19
COMMENTS