ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്നിറങ്ങിയത് അക്രമങ്ങളിലും വെടിവയ്പ്പിലും...
ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്നിറങ്ങിയത് അക്രമങ്ങളിലും വെടിവയ്പ്പിലും ചോരക്കളമായി മാറിയ ഡല്‍ഹിയില്‍.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയാണ് വ്യാപക അക്രമം അരങ്ങേറുന്നത്. വെടിവയ്പ്പിലും അക്രമങ്ങളിലും ഒരു സാധാരണക്കാരനും ഒരു ഡല്‍ഹി പൊലീസ് ഓഫീസറും കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഭജന്‍പുര, മൗജ്പുര്, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. വിവാദമായ പൗരത്വ നിയമത്തിന് അനുകൂലമായും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയതും സംഘര്‍ഷം രൂക്ഷമാക്കി. ജനം ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു. വാഹനങ്ങളും കടകളും കത്തിച്ചു.
രാഷ്ട്ര തലസ്ഥാനത്തിന്റെ ചില ഭാഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി. ഇവിടങ്ങളില്‍ അര്‍ദ്ധസൈനികരെ വിന്യസിച്ചിരിക്കുകയാണ്. അക്രമ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികള്‍ പൊലീസിനു നേരേ വെടിവച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹിയില്‍ ക്രമസമാധാന ചുമതല കേന്ദ്ര സര്‍ക്കാരിനു തന്നെയായതിനാല്‍ ആരെയും കുറ്റം പറയാനുമാവുന്നില്ല. യുഎസ് പ്രസിഡന്റ് എത്തുന്ന സമയത്തെ അക്രമങ്ങള്‍ മുന്‍കൂട്ടിക്കണ്ട് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസും ഇന്റലിജന്‍സ് വിഭാഗങ്ങളും പരാജയപ്പെടുകയും ചെയ്തു. ഇതിന്റെ പേരില്‍ വരും ദിവസങ്ങളില്‍ ഡല്‍ഹി പൊലീസില്‍ വലിയ അഴിച്ചുപണ തന്നെ വന്നേക്കും.
സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ട്രംപിനെ ഡല്‍ഹിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അക്രമമുണ്ടായിരിക്കുന്നത്. അമേരിക്കയും അക്രമങ്ങളെ ഉത്കണ്ഠയോടെയാണ് കാണുന്നത്.
താജ് മഹല്‍ സന്ദര്‍ശനം കഴിഞ്ഞ് ആഗ്രയില്‍ നിന്നാണ് ട്രംപ് ഡല്‍ഹിക്കു തിരിച്ചത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കലക്കാന്‍ ലക്ഷ്യമിട്ടാണ് അക്രമമെന്നും അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി പറഞ്ഞു.
COMMENTS