റോയ് പി തോമസ് കൊച്ചി : ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജിന് പ്രതിഫലം ലഭിക്കാ...
റോയ് പി തോമസ്
കൊച്ചി : ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജിന് പ്രതിഫലം ലഭിക്കാന്‍ പോകുന്നു. കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയമസഭ മണ്ഡലത്തില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകുന്നതിന് ബിജെപി നേതൃത്വം തത്വത്തില്‍ അംഗീകാരം നല്‍കിയതായി അറിയുന്നു.
ഷോണ്‍ മത്സരിച്ചാല്‍ നന്നായി വോട്ടു പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വം. പിസി ജോര്‍ജിന്റെ പാര്‍ട്ടിയുടെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റാണ് ഇപ്പോള്‍ ഷോണ്‍. നടന് ജഗതി ശ്രീകുമാറിന്റെ മരുമകനുമാണ്. ഈ നിലയ്ക്ക് ഹിന്ദു വോട്ടുകള്‍ സമാഹരിക്കാനും ഷോണിനു കഴിയുമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണിയുടെ മരുമകള്‍ നിഷാ ജോസ് കെ മാണി വരാനാണ് സാധ്യത. ഇക്കാര്യത്തില്‍ ചില അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പിജെ ജോസഫ് ഈ വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്നതില്‍ സംശയമുണ്ട്. അതുകൊണ്ടുതന്നെ നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇതുവരെ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും നല്‍കിയിട്ടില്ല.
55 വര്‍ഷം തുടര്‍ച്ചയായി മാണി പ്രതിനിധാനം ചെയ്ത പാലാ യാതൊരു കാരണവശാലും കൈവിടരുതെന്ന് യുഡിഎഫിനും നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ എല്ലാവരുടെയും സമ്മതത്തോടെ മാത്രമേ പ്രഖ്യാപിക്കൂ.ഇടതു പക്ഷത്തുനിന്നു എന്‍സിപി നേതാവ് മാണി സി കാപ്പന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍സിപി യോഗം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും മണിയുടെ എതിരാളിയായി മത്സരിച്ചതും മാണി സി കാപ്പനായിരുന്നു.
Keywords: Pala, KM Mani, Nisha Jose K Mani, Mani C Kappen, Shaun George, PC George
COMMENTS