അഭിനന്ദ് ന്യൂഡല്‍ഹി : അഞ്ചു വര്‍ഷമായി മാധ്യമങ്ങളില്‍നിന്ന് മാറിനടന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഭരണ കാലാവധി അവസാനിക്കുന്നതിനു തൊട്ടു...
അഭിനന്ദ്
ന്യൂഡല്‍ഹി : അഞ്ചു വര്‍ഷമായി മാധ്യമങ്ങളില്‍നിന്ന് മാറിനടന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഭരണ കാലാവധി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് മാധ്യമങ്ങളെ കണ്ടു. ഇന്ന് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനം ഫലത്തില്‍ വീണ്ടും മോഡി പരിഹാസ്യനാവുന്നതിനു കാരണമാവുകയും ചെയ്തു.
പക്ഷേ, നടത്തിയത് പ്രധാനമന്ത്രിയുടെ വാര്ത്താസമ്മേളനമല്ലെന്നും തന്റെ വാര്ത്താസമ്മേളനമായിരുന്നുവെന്നും ട്വിറ്ററിലൂടെ അമിത് ഷാ പറയാതെ പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ശ്രീ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിക്കുന്നുവെന്നാണ് ഇതിന്റെ വീഡിയോ പോസ്റ്റു ചെയ്തുകൊണ്ട് അമിത് ഷാ തന്നെ പറഞ്ഞിരിക്കുന്നത്.
മോഡിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞതാകട്ടെ അമിത് ഷായാണ്. താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അതിനാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമെന്നുമായിരുന്നു മോഡിയുടെ ന്യായവാദം.
മോദിജി എന്ന് സംബോധന ചെയ്തു വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത് അമിത് ഷാ ആയിരുന്നു. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മടിയില്ലെന്നും അഞ്ചുവര്‍ഷത്തെ ഭരണത്തിന് മാധ്യമങ്ങളോടും ജനങ്ങളോടും നന്ദി പറയാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്നും മോഡി പറഞ്ഞു.
അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രചരണം വ്യക്തമായി ആസൂത്രണം ചെയ്തുവെന്നും ഒരു യോഗം പോലും റദ്ദാക്കാന്‍ ഇടവരുത്താതെ ആയിരുന്നു പ്രചരണമെന്നും മോഡി പറഞ്ഞു. കാലാവസ്ഥ പോലും തങ്ങള്‍ക്ക് അനുകൂലമായിരുന്നു മോഡി അവകാശപ്പെട്ടു. തുടര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാതെ ഒഴിഞ്ഞു മാറി. മോഡിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്ന് ഇന്നലെ തന്നെ സൂചനയുണ്ടായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നു മണി വരെയും സര്‍ക്കാരില്‍നിന്ന് അത്തരത്തില്‍ ഒരു അറിയിപ്പും മാധ്യമങ്ങള്‍ക്ക് ലഭിച്ചില്ല. മൂന്നു മണിയോടെ അറിയിപ്പു വരികയായിരുന്നു.
LIVE: Shri @AmitShah is addressing a press conference in the presence of PM Shri @narendramodi at BJP HQ. #DeshKaGauravModi https://t.co/PyeR1mudj9— BJP (@BJP4India) May 17, 2019
തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നതിനു തൊട്ടു മുന്‍പാണ് പ്രധാനമന്ത്രി നാടകീയമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. മോഡി വാര്‍ത്താസമ്മേളനം വിളിക്കുന്നത് അറിഞ്ഞ ഉടന്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വാര്‍ത്താസമ്മേളനം വിളിച്ചു. മോഡിയുടെ വാര്‍ത്താസമ്മേളനത്തില്‍ തന്റെ ചോദ്യങ്ങള്‍ക്കൊന്നും തന്നെ മറുപടി ഉണ്ടായില്ലെന്ന് രാഹുല്‍ ആരോപിച്ചു.
ഇതേസമയം തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മോഡി അവകാശപ്പെട്ടപ്പോള്‍ വിധി ജനങ്ങള്‍ക്ക് വിടുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
ഒരര്‍ത്ഥത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവസാനം കൂടിയായി വാര്‍ത്താസമ്മേളനം. റഫാല്‍ അഴിമതി, ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാസിങ് താക്കൂര്‍ രാഷ്ട്രപിതാവിനെ അപമാനിച്ചത് തുടങ്ങിയ വിഷയങ്ങളിലെല്ലാം ചോദ്യങ്ങള്‍ ഉണ്ടായി. ഒന്നിനും വ്യക്തമായി മറുപടി പറയാതെ പാര്‍ട്ടി അധ്യക്ഷന്‍ ഉത്തരം പറയാനായി വിട്ടുകൊടുക്കുകയായിരുന്നു മോഡി.
Keywords: Narendra Modi, Amit Shah, Press Conference, BJP
COMMENTS