കോട്ടയം: കേരളം സൂര്യന്റെ ഉഗ്രതാപത്തില്‍ വെന്തുരുകുന്നു. വിവിധ പ്രദേശങ്ങളിലായി 24 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. കോട്ടയം കാഞ്ഞിരപ്പള്ള...
കോട്ടയം: കേരളം സൂര്യന്റെ ഉഗ്രതാപത്തില്‍ വെന്തുരുകുന്നു. വിവിധ പ്രദേശങ്ങളിലായി 24 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നാലുവയസുകാരി ആദിത്യ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടയം ജില്ലയില്‍ നിര്‍മാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കച്ചന്‍, കുറുമുള്ളൂര്‍ സ്വദേശി സജി, ശുചീകരണ തൊഴിലാളി ശേഖരന്‍ എന്നിവര്‍ക്കു പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടു. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഉദയനാപുരത്ത് ബൂത്ത് പ്രസിഡന്റ് അരുണിന് മുഖത്ത് പൊള്ളലേറ്റു.
പുനലൂരില്‍ രണ്ട് പേര്‍ക്കും പൊള്ളലേറ്റു. കൊല്ലത്ത് കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പൊള്ളലേറ്റു. കോഴിക്കോട് മൂന്ന് പേര്‍ക്കും പാലക്കാട്ട് നാലുപേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും പൊള്ളലേറ്റു.
പാലക്കാട്ട് പട്ടാമ്പി ഓങ്ങല്ലൂരില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. പാലക്കാട് ഇന്ന് 41 ഡിഗ്രി ചൂട് രേഖപ്പെടുത്തി. പലേടത്തും വളര്‍ത്തുമൃഗങ്ങളും അത്യുഷ്ണത്തില്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഇടുക്കി, വയനാട് ജില്ലകളിലൊഴികെ താപനില ശരാശരിയില്‍ നിന്ന് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ മൂന്നു ദിവസം കൂടി ശരാശരിയിലും നാല് ഡിഗ്രിവരെ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതു മുന്‍നിര്‍ത്തി ദുരന്തനിവാരണ അതോറിറ്റി വെള്ളിയാഴ്ച വരെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
വേനല്‍ മഴയെക്കുറിച്ചു പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വേനല്‍മഴയ്ക്കു സാദ്ധ്യതയില്ലെന്നു കാലാവസ്ഥാ വകുപ്പിലെ ഒരു വിഭാഗം പറയുമ്പോള്‍ മറ്റൊരു വിഭാഗം പ്രാദേശികമായി മഴമേഘങ്ങള്‍ രൂപംകൊണ്ട് തെക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നു പ്രവചിക്കുന്നു.
എല്‍നിനോ പ്രതിഭാസം നിമിത്തം കേരളത്തില്‍ വേനല്‍ മഴയ്ക്കു സാധ്യത കുറവെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. മേയ് ആയാല്‍ മാത്രമേ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിനു സാദ്ധ്യതയുള്ളൂ.
Keywords: Kerala, Heat Wave, Rain, El Nino
COMMENTS