മുംബയ്: അസുഖം ബാധിച്ച കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ചു തിരികെ വരുംവഴി കാര്‍ നിറുത്തി പാല് കൊടുക്കവേ, ട്രാഫിക് നിയമം ലംഘിച്ചുവെന്നു പറഞ്ഞ...
മുംബയ്: അസുഖം ബാധിച്ച കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ചു തിരികെ വരുംവഴി കാര്‍ നിറുത്തി പാല് കൊടുക്കവേ, ട്രാഫിക് നിയമം ലംഘിച്ചുവെന്നു പറഞ്ഞു കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ ശശാങ്ക് റാണെ എന്ന പൊലീസുകാരന് സസ്പെന്ഷന്.
മുംബയിലെ പശ്ചിമ മലാഡിലാണ് സംഭവം. കുഞ്ഞിനു വയ്യെന്നും കാര്‍ കെട്ടിവലിച്ചുകൊണ്ടു പോകരുതെന്നും യുവതി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ഇതൊന്നും പരിഗണിക്കാതെ പൊലീസുകാരന് കാര്‍ വലിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു.
കണ്ടുനിന്നവരാണ് ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ, സംഭവം ദേശീയ വാര്‍ത്തയായി മാറുകയായിരുന്നു.
ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടവേയാണ് റാണെയുടെ നേതൃത്വത്തില്‍ വാഹനം കെട്ടിവലിച്ചത്. വഴിയാത്രക്കാരും അരുതെന്നു പറഞ്ഞുവെങ്കിലും പൊലീസുകാരന് വഴങ്ങിയില്ല. ഒടുവില്‍ കൂടുതല്‍ വഴിയാത്രക്കാര്‍ ഇടപെട്ടതോടെ പൊലീസുകാരന് ശ്രമം ഉപേക്ഷിച്ചു.
നിയമം തെറ്റിച്ചു മറ്റു വാഹനങ്ങളും പാര്‍ക്കു ചെയ്തിരുന്നുവെങ്കിലും മുലയൂട്ടുകയായിരുന്ന തന്നെ മാത്രം തിരഞ്ഞുപിടിച്ച് അപമാനിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുംബയ് ജോയിന്റ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. നെയിം പ്ളേറ്റുപോലുമില്ലാതെയായിരുന്നു പൊലീസുകാരന് നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയത്.
COMMENTS