കല്‍പ്പറ്റ: തിരഞ്ഞെടുപ്പുകാലത്തു കണ്ടതിലും വലിയ ആവേശം വിതച്ച് വയനാടിന്റെ എംപി രാഹുല്‍ ഗാന്ധി വോട്ടര്‍ക്കിടയില്‍. വോട്ടര്‍മാരോടു നന്ദിപറയ...
കല്‍പ്പറ്റ: തിരഞ്ഞെടുപ്പുകാലത്തു കണ്ടതിലും വലിയ ആവേശം വിതച്ച് വയനാടിന്റെ എംപി രാഹുല്‍ ഗാന്ധി വോട്ടര്‍ക്കിടയില്‍. വോട്ടര്‍മാരോടു നന്ദിപറയാനെത്തിയ രാഹുലിനെ എതിരേറ്റത് വന്‍ ജനപ്രളയമാണ്.
താന്‍ വയനാടിന്റെ മാത്രം എംപിയല്ലെന്നും കേരളത്തെ മൊത്തം പ്രതിനിധീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും വയനാത്തുകാര്ക്ക് വേണ്ടി തന്റെ വാതില്‍ എപ്പോഴും തുറന്നുകിടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ രാഹുല്‍ നടത്തിയ റോഡ് ഷോകളില്‍ ജനപ്രളയം തന്നെയായിരുന്നു. ഞായറാഴ്ച വരെ കേരളത്തിലെ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കാണുമെന്ന് രാഹുല്‍ പറഞ്ഞു.
കേരളത്തിന്റെ അവസ്ഥ അറിഞ്ഞും മനസിലാക്കിയും പ്രവര്‍ത്തിക്കും. ഇത്രയോറെ ഭൂരിപക്ഷം തനിക്കു തന്നെ കേരള ജനതയോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ലെന്നും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ പറയുമ്പോള്‍ നിര്‍ത്താത്ത കരഘോഷമായിരുന്നു.
കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുലിനെ യു.ഡി.എഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം വയനാട്ടിലേക്ക് പോവുകയായിരുന്നു.
വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ തിരുവാലിയിലായിരുന്നു രാഹുലിന്റെ ആദ്യ സ്വീകരണം. ഇവിടെ രാഹുല്‍ എത്തിയപ്പോള്‍ കനത്ത മഴയായിരുന്നു. മഴയെ അവഗണിച്ചും ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.
തുടര്‍ന്ന് കാളികാവിലെത്തിയപ്പോള് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയ പ്രവര്‍ത്തകരാണ് എതിരേറ്റത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയും ബി.ജെ.പിയും അധികാരം നേടിയത് നേരിന്റെ വഴിയിലൂടെയല്ലെന്ന് രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് എപ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലാണ് സ്വീകരണം. തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തിലെ അടിവാരം, മുക്കം എന്നിവിടങ്ങളിലും രാഹുല്‍ റോഡ് ഷോയില്‍ പങ്കെടുക്കും.
Keywords: Rahul Gandhi, Wayanadu, Congress Party
COMMENTS