ചെന്നൈ : ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ലെനിന് കരള്‍ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ചികിത്സയ്ക്ക...
ചെന്നൈ : ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ലെനിന് കരള്‍ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു.
67 വയസ്സായിരുന്നു. ഭാസമ്മയുടെയും വേലുക്കുട്ടിയുടെയും മകനായി തിരുവനന്തപുരത്തിനടുത്ത് ഊരൂട്ടമ്പലത്താണ് ജനനം. ഡോ രമണിയാണ് ഭാര്യ, ഡോ. പാര്‍വതി, ഗൗതമന് എന്നിവര്‍ മക്കളാണ്.
പിഎ ബക്കറിന്റെ സംവിധാന സഹായിയായിട്ടാണ് ലെനിന് സിനിമയിലെത്തുന്നത്. സുകുമാരനും ജലജയും അഭിനയിച്ച വേനല്‍ ആയിരുന്നു ആദ്യ ചിത്രം. 1981ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
പിന്നീടു വന്ന ചില്ലും ഏറെ ശ്രദ്ധിക്കപ്പെട്ടു. മീനമാസത്തിലെ സൂര്യന് എന്ന ചിത്രത്തിലൂടെ ഇരുത്തം വന്ന സംവിധായകരുടെ ഗണത്തിലേക്ക് അദ്ദേഹം എത്തിപ്പെട്ടു. ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിക്കാന്‍ ലെനിന് രാജേന്ദ്രനു കഴിഞ്ഞു.
പ്രേംനസീറിനെ കാണാന്മാനില്ല, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മറ്റുചിത്രങ്ങള്‍.
രാത്രിമഴ എന്ന ചിത്രത്തിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടി. വിനീതും മീരാ ജാസ്മിനുമായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എം. മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികള്‍' എന്ന നോവലിനെ അതേ പേരില്‍ തന്നെ സിനിമയാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് അന്നു രഘുവരന് മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടു. പക്ഷേ, അക്കുറി മിഥുന് ചക്രവര്‍ത്തിക്ക് തഹാദെര്‍ കഥ എന്ന ചിത്രത്തിലെ അഭിനയത്തിനു പുരസ്കാരം കിട്ടുകയായിരുന്നു.
കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ആസ്പദമാക്കി 2001ല്‍ തയ്യാറാക്കിയ 'മഴ' എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ വര്‍ഗീയ ധ്രുവീകരണണം ചര്‍ച്ച ചെയ്യുന്നതായിരുന്നു 2003 ല്‍ പുറത്തിറങ്ങിയ 'അന്യര്‍' എന്ന ചിത്രം.
ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തില്‍ നിന്നു കെ ആര് നാരായണനെതിരേ രണ്ടു തവണ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലായിരുന്നു പഠനം. കോളേജു കാലത്ത് എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പഠനം കഴിഞ്ഞ് എറണാകുളത്തു ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ ജോലി ലഭിച്ചു. എറണാകുളത്തെ താമസത്തിനിടെയാണ് പിഎ ബക്കുറുമായി അടുക്കുന്നതും അതുവഴി സിനിമയിലെത്തുന്നതും.
Keywords: Lenin Rajendran, Movie Director, Malayalam Cinema
COMMENTS