Search

ഒരു ടെന്നീസ് പ്രണയഗാഥ


ജോര്‍ജ് മാത്യു

നദാലിനെ റിലാക്‌സ്ഡ് ആയി കണ്ട ഓര്‍മ്മയേയില്ല. പുള്ളിക്കാരന്റെ മുഖം അവ്വിധമായതാവാം കാരണം. ഒരു ചിരിയുടെ കുറവ്.

ഞായറാഴ്ച  (ഡിസംബര്‍ 27) റോഡ് ലേവര്‍ അറീനയില്‍ (മെല്‍ബണ്‍) ലോകതാരങ്ങള്‍ ഒന്നും രണ്ടും മുഖാമുഖം നിന്നപ്പോള്‍ മനസ്സ് ഏഴു വര്‍ഷം പിന്നാക്കം പോയി. ഇതുപോലൊരു ഞായറാഴ്ചയായിരുന്നു ആ ദിനം. അന്നും അവര്‍ ഒന്നും രണ്ടും സീഡുകള്‍ ആയിരുന്നോ എന്ന് ഓര്‍ക്കുന്നില്ല. യുവത്വത്തിന്റെ പോരാട്ടം കാണുവാനുള്ള ആകാംക്ഷ. തിരക്കുള്ള ഞായറാഴ്ചയായിരുന്നു. ഒരു മൂന്നുമൂന്നര മണിക്കൂറിനുള്ളില്‍ അവസാനിക്കുന്ന ടെന്നീസ് മാമാങ്കം എന്നേ കരുതിയുള്ളൂ. പക്ഷേ, അതൊരു ചരിത്ര പോരാട്ടമായി മാറുകയായിരുന്നു. ഒരു  നിയോഗം പോലെ അതു കാണുവാനുള്ള ഭാഗ്യം. അഞ്ച് മണിക്കൂറും അന്‍പത്തിമൂന്ന് മിനിട്ടും നീണ്ട ആ പോരാട്ടം ഇന്ന് ചരിത്രത്തിന്റെ ഭാഗം. ലോക വ്യക്തിഗത മത്സരങ്ങളില്‍ (ബോക്‌സിങ് ഉള്‍പ്പെടുന്നില്ല, സമയപരിധി ഉള്ളതിനാല്‍) ഏറ്റവും കാര്യക്ഷമത ആവശ്യപ്പെടുന്ന കളി ടെന്നീസാണ്. (മറ്റൊന്ന് ഷട്ടില്‍ ബാറ്റ്മിന്റണും).


ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം നൊവാക്കും റാഫേലും നേര്‍ക്കുനേര്‍ വരുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ആശങ്കയും അത്ഭുതവുമായിരുന്നു. ഇന്ന് അഞ്ചു മണിക്കൂര്‍ പോയിട്ട് മൂന്ന് മണിക്കൂര്‍ പോലും ഇമ്മാതിരി പോരാട്ടങ്ങള്‍ കണ്ടിരിക്കുവാനുള്ള ശാരീരികക്ഷമതയും മനപ്പൊരുത്തവും എന്റെ പ്രായം എനിക്ക് അനുവദിക്കുന്നില്ല.
നദാല്‍ പിരിമുറുക്കത്തില്‍ ആയിരുന്നു. ദ്യോക്കോവിച്ചിന് മറിച്ചും. കാര്യങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചു. രണ്ട് മണിക്കൂറും നാല് മിനിട്ടും മാത്രമേ വേണ്ടിവന്നുള്ളൂ ദ്യോക്കോവിന് കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍. 6:3, 6:2, 6:3 എന്ന ക്രമത്തില്‍ നദാല്‍ കീഴടങ്ങി.

ദ്യോക്കോവിച്ച് ചരിത്രം കുറിക്കുകയായിരുന്നു. 2012 ല്‍ ഒരിക്കല്‍ മാത്രമേ ഇവര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നുള്ളൂ,  മെല്‍ബണില്‍ . വിജയം ദ്യോക്കോവിനായിരുന്നു. തന്റെ ഏഴാമത്തെ ആസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് സ്ലാം ആണ് ഞായറാഴ്ച ഉയര്‍ത്തിയത്. അതായത് ഇതുവരെ ഉണ്ടായിരുന്ന ആറ് കിരീടനേട്ടങ്ങളുടെ ഉടമകളായ റോജര്‍ ഫെഡററെയും റോയ് എമേഴ്‌സണിനെയും പിന്നിലാക്കിയ നേട്ടം.2017 ദ്യോക്കോവിച്ചിനും നദാലിനും മോശം വര്‍ഷങ്ങള്‍ ആയിരുന്നു. പ്രത്യേകിച്ച് ദ്യോക്കോവിച്ചിന്. 2018ല്‍ ദ്യോക്കോവ് വിംബിഡണും യു.എസ്  ഓപ്പണും നേടിയെങ്കിലും സെപ്തംബറില്‍ ഇരുവരും പരിക്കിന്റെ പിടിയിലായിരുന്നു. എന്നാലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഇരുവര്‍ക്കും പ്രിയങ്കരമായിരുന്നു. ഒരു ആദ്യ റൗണ്ട് പരാജയം പോലും അപ്രസക്തമായിരുന്നു ഇരുവര്‍ക്കും. അത്ര സഹജമായ നിര്‍ബ്ബന്ധമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.

ഇച്ഛാശക്തിയുടെ പര്യായമായിരുന്നു ഇരുവരുടെയും ഫൈനല്‍ പ്രകടനം. കാരണം അവര്‍ വിജയങ്ങളെക്കാളുപരി ടെന്നീസ് എന്ന കളിയെയാണ് പ്രണയിക്കുന്നത്.ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഏഴാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുമ്പോള്‍ (പതിനഞ്ചാം ഗ്രാന്‍ഡ്സ്ലാമും) ദ്യോക്കോവിന് പ്രായം 31. 19 ഗ്രാന്‍ഡ്സ്ലാമുകളുടെ ഉടമയായ ഫെഡററെക്കാള്‍ 6 വയസ്സ് ചെറുപ്പം. ദ്യോക്കോവിന് അത് സാധിക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം, പത്തൊന്‍പതിനും അപ്പുറം ഒരു ഗ്രാന്‍ഡ്സ്ലാം ശേഖരം.

ഞായറാഴ്ച കഴിഞ്ഞത് അന്‍പത്തിമൂന്നാമത്തെ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു, ദ്യോക്കോവിനും നദാലിനും. പത്തുപന്ത്രണ്ട് വര്‍ഷങ്ങളായി തുടരുന്ന ടെന്നീസ് പ്രണയഗാഥ.


നാടകാന്ത്യം (തത്ക്കാലം) ശുഭം!

http://www.vyganews.com/2018/06/analysis-by-george-mathew.htmlKeywords: Rafael Nadal,  Spanish champion, Australian Open finals,  Novak Djokovic, Serbian world No.1, Jim Courier vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഒരു ടെന്നീസ് പ്രണയഗാഥ