പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ നാലു തെലുങ്ക് സ്ത്രീകളെ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്നു പൊലീസ് തിരിച്ചയച്ചു. തെലുങ്കാന സ...
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ നാലു തെലുങ്ക് സ്ത്രീകളെ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്നു പൊലീസ് തിരിച്ചയച്ചു.
തെലുങ്കാന സ്വദേശികളായ വാസന്തി, ആദിശേഷ എന്നിവര്‍ രാവിലയാണ് എത്തിയത്. ഇവരെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു പൊലീസ് തിരിച്ചയച്ചു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലചവിട്ടാനെത്തിയതായിരുന്നു ഇവര്‍. പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍ പെടാതെ കടന്നുപോയ ഇവരെ നീലിമലയില്‍ വച്ചാണ് തടഞ്ഞത്.
സ്ത്രീകളെ തടഞ്ഞ വിവരമറിഞ്ഞു പൊലീസ് പാഞ്ഞെത്തി ഇവര്‍ക്കു സുരക്ഷയൊരുക്കി. മുന്നോട്ടു പോകുന്നത് ബുദ്ധിയല്ലെന്നു പൊലീസ് മുന്നറിയിപ്പു കൊടുത്തതോടെ ഇവര്‍ തിരിച്ചിറങ്ങാന്‍ തയ്യാറായി.
പൊലീസ് സുരക്ഷയില്‍ ഇവരെ പമ്പയിലെ പൊലീസ് ഗാര്‍ഡ് റൂമിലെത്തിച്ചു.
ഉച്ചയോടെ ആന്ധ്രാ സ്വദേശിനിയായ ബാലമ്മ ഡോളിയില്‍ നടപ്പന്തലിലെത്തി. പ്രതിഷേധക്കാര്‍ ഇവരെയും തടഞ്ഞു. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ക്കു പ്രായം 47 ആണെന്നു വ്യക്തമായി. ഇതോടെ ഇവരെയും മടക്കിയയ്ക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി.
ബഹളത്തിനിടെ ബാലമ്മയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ പമ്പയിലെ ആശുപത്രിയിലേക്കു മാറ്റി. ബാലമയ്ക്കൊപ്പം വന്ന പുഷ്പലത നടന്നു മല കയറുകയായിരുന്നു. ഇവരെ മരക്കൂട്ടത്തുവച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു.
പുഷ്പലതയ്ക്കും 50 തികഞ്ഞില്ലെന്നു വ്യക്തമായതോടെ ഇവരെയും മടക്കി അയച്ചു. കനത്ത സുരക്ഷയിലാണ് ഇവരെയും പമ്പയിലെത്തിച്ചത്.
COMMENTS