സര്‍ക്കാര്‍ പണമില്ലാതെ ചലച്ചിത്ര മേള നടത്താമെന്ന് കമല്‍, ട്രാവല്‍മാര്‍ട്ട് മാറ്റിവയ്ക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന് സ്വന്തം ലേഖകന്‍...
സര്‍ക്കാര്‍ പണമില്ലാതെ ചലച്ചിത്ര മേള നടത്താമെന്ന് കമല്‍, ട്രാവല്‍മാര്‍ട്ട് മാറ്റിവയ്ക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തെ ഗ്രസിച്ച പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തെ ആഘോഷ പരിപാടികള്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരേ മന്ത്രിമാര്‍ തന്നെ രംഗത്ത്. ആഘോഷത്തിനുള്ള പണം പ്രളയദുരിതാശ്വാസത്തിനു കൊടുക്കണമെന്ന നിര്‍ദ്ദേശം പോലും പലര്‍ക്കും ഇഷ്ടമായിട്ടില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
മന്ത്രിസഭ തീരുമാനിക്കാതെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. മന്ത്രിമാരില്‍ പലരും ഉത്തരവിറങ്ങിയപ്പോഴാണ് കാര്യമറിയുന്നത്.
മന്ത്രി എകെ ബാലനാണ് ഏറ്റവും കടുത്ത എതിര്‍പ്പുമായി എത്തിയിട്ടുള്ളത്. ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ബാലന് കത്തുകൊടുത്തു. ആര്‍ഭാടമില്ലാതെ ആഘോഷങ്ങള്‍ നടത്തണമെന്ന നിലപാടിലാണ് ബാലന്. ഫിലിംഫെസ്റ്റിവല്‍ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ സാംസ്കാരിക മന്ത്രി ബാലന് ഇന്ന് യോഗം വിളിച്ചിരുന്നതുമാണ്.
മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിര്‍പ്പുമായി രംഗത്തുവന്നു. ബിസിനസ് സംരംഭമായ ട്രാവല്‍മാര്‍ട്ട് മാറ്റിവയ്ക്കരുതെന്നാണ് കടകംപള്ളിയുടെ ആവശ്യം.
കലോല്‍സവം ഒഴിവാക്കിയതിനെതിരേ എസ്എഫ്ഐയും രംഗത്തുവന്നു. ചെലവുകുറച്ച്, അനാര്‍ഭാടമായി കലോല്‍സവം നടത്തണമെന്ന് എസ്എഫ്ഐ കേരള സെക്രട്ടറി സച്ചിന് ദേവ് പറഞ്ഞു. മാനുഷിക പരിഗണന കണക്കിലെടുത്തു കലോത്സവം ഒഴിവാക്കുകയായിരുന്നുവെന്നാണ് മന്ത്രി കെ.ടി. ജലീല്‍ വിശദീകരിച്ചത്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്നതുമായ എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു പൊതുഭരണ പിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവ്. യുവജനോല്‍സവങ്ങളും കലോല്സവങ്ങളും ചലച്ചിത്രമേളയും ടൂറിസംവകുപ്പ് നടത്തുന്ന ആഘോഷങ്ങളും ഒഴിവാക്കപ്പെട്ടവയുടെ ഗണത്തിലുണ്ട്.
ആഘോഷങ്ങള്‍ക്കു വേണ്ടതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും സിന്‍ഹയുടെ ഉത്തരവില്‍ പറയുന്നു.
കലോല്‍സവം മാറ്റിവയ്ക്കില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണം വിശ്വസിക്കരുതെന്നും വ്യക്തമാക്കി രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ആഘോഷങ്ങള്‍ റദ്ദാക്കി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.
വിദേശയാത്രയ്ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് കൊടുത്ത കുറിപ്പുപ്രകാരമായിരുന്നു പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. വിഷയം മന്ത്രിസഭ തീരുമാനിക്കണമായിരുന്നുവെന്നാണ് മന്ത്രിമാരില്‍ പലരും സ്വകാര്യമായി പറയുന്നത്.
വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക്, ദേശീയതല മത്സരങ്ങളിലേക്കുള്ള സെലക്ഷന് എന്നിവ കണക്കിലെടുത്ത് സ്കൂള്‍ കലോത്സവം, കായികമേള എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് പുതിയ വിശദീകരണം. അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മേളകള്‍ ഏതുരൂപത്തില്‍ നടത്തണമെന്നും പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ചലച്ചിത്ര മേള റദ്ദാക്കിയതിനെതിരേ അക്കാദമി ചെയര്മാന് കമല്‍ പ്രതികരിച്ചു. പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ വിഷമമുണ്ടെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനില്ലെന്നും കമല്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പണം ചെലവഴിക്കാതെ മേള നടത്താന്‍ അക്കാദമിക്കു കഴിയുമെന്നും കമല്‍ പറഞ്ഞു.
Keywords: AK Balan, Kamal, School Festival, Biswanath Sinha, Kerala Flood
COMMENTS