മുല്ലപ്പെരിയാര്‍ ഡാമിലെ സ്പില്‍ വേ ഷട്ടറുകള്‍ തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്ന പശ്ചാത്തലത...
മുല്ലപ്പെരിയാര്‍ ഡാമിലെ സ്പില്‍ വേ ഷട്ടറുകള്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള സ്പില്‍ വേ ഷട്ടറുകള്‍ തുറന്നേക്കും. പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
സ്പില്‍ വേ തുറന്നാല്‍ ഡാമിലെ വെള്ളം പെരിയാറിലേക്ക് ഒഴുകി അതു ഇടുക്കി ഡാമിലെത്തും. സ്പില്‍ വേ തുറന്നേക്കുമെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മിഷണറുടെ അറിയിപ്പ് ലഭിച്ചതായി ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മുല്ലപ്പെരിയാറിലെ സ്പില്‍ വേ തുറക്കുന്നതോടെ ചെറുതോണിയില്‍ നിന്നു കൂടുതല്‍ ജലം തുറന്നുവിടും. ഇക്കാര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനമെടുത്തു കഴിഞ്ഞു.
പെരിയാറിന്റെ തീരത്തുള്ള എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലുള്ളവര്‍ ജില്ലാ കളക്ടറുടെ അറിയിപ്പു ലഭിക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറണമെന്നും ചീഫ് സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1374 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്.
കേരളത്തിലേക്കു വെള്ളം ഒഴുകാത്ത വിധമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മിതി. ഡാമിലെ ജലം പെന്‍ സ്റ്റോക്ക് പൈപ്പിലൂടെയും കനാലിലൂടെയും തമിഴ്നാട്ടിലേക്കു കൊണ്ടുപോകാനാണ് ബ്രിട്ടീഷുകാരുടെ കാലത്ത് ഡാം പണിതത്. എന്നാല്‍, ജലനിരപ്പ് അപകടരമായ വിധത്തില്‍ ഉയര്‍ന്നാല്‍ കേരളത്തിലേക്ക് വെള്ളം ഒഴുക്കി വിടാനാണ് പിന്നീട് സ്പില്‍ വേ പണിതത്. അതിനു മുന്നിലും തമിഴ്നാട് മണ്ണിട്ടുയര്‍ത്തിയത് വിവാദമായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ അണക്കെട്ട് തുറക്കുമെന്നും പെരിയാറിന്റെ ഇരുകരയിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടറും അറിയിച്ചു. ഒമ്പതു മണിക്കു മുമ്പ് സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്നും കളക്ടര്‍ നിര്‍ദേശിക്കുന്നു.
ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യു, പൊലീസ്, ഫയര്‍ ഫോഴ്സ് അധികാരികളുടെയും ജനപ്രതിനിധികളുടെയും നിര്‍ദേശപ്രകാരം ജനങ്ങള്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്കു മാറണമെന്നും കളക്ടര്‍ അറിയിച്ചു.
Highlights: Mullapperiyar Dam, Periyar, Kerala flood.
COMMENTS