സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : കേരളത്തെ മുക്കിയ പ്രളയം പത്രവ്യവസായത്തെയും വെള്ളംകുടിപ്പിക്കുന്നു. ന്യൂസ് പ്രിന്റിന്റെ ക്ഷാമ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : കേരളത്തെ മുക്കിയ പ്രളയം പത്രവ്യവസായത്തെയും വെള്ളംകുടിപ്പിക്കുന്നു. ന്യൂസ് പ്രിന്റിന്റെ ക്ഷാമവും വാങ്ങി വായിക്കാന്‍ വലിയൊരളവു പ്രദേശത്ത് ആളില്ലാതായതും പത്രങ്ങള്‍ക്കു വന്‍ തിരിച്ചടിയായിരിക്കുകയാണ്.
മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് കേരളത്തിലെ പത്രങ്ങള്‍ നേരിടുന്നത്. ദുരന്തമുണ്ടായ മേഖലയിലൊരിടത്തും പത്രം വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്. ഇവിടെയൊന്നും പത്രം വാങ്ങാന്‍ ആളുമില്ല.
ദുരന്തത്തില്‍ നിന്നു കരകയറിയാലും വലിയൊരു വിഭാഗം ആളുകള്‍ ഉടനൊന്നും പത്രം വരുത്താന്‍ സാദ്ധ്യതയില്ലെന്നതും ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. മിക്ക പത്രങ്ങളുടെയും ആലപ്പുഴ, കൊച്ചി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എഡിഷനുകള്‍ പ്രതിസന്ധിയിലാണ്. ഇവിടങ്ങളില്‍ അച്ചടി പകുതിക്കും താഴേക്കു വന്നിരിക്കുകയാണ്. പത്രത്തിന് ആവശ്യക്കാരില്ലാതെ വന്നതു തന്നെയാണ് കാരണം.
ദുരന്തമേഖലകള്‍ കടന്നു മറ്റിടങ്ങളിലേക്കു പോകേണ്ട സ്ഥലങ്ങളിലും പത്രം എത്തിക്കാനാവുന്നില്ല. റോഡുകള്‍ തകര്‍ന്നതും ഗതാഗതസംവിധാനങ്ങള്‍ തടസ്സപ്പെട്ടതും പത്രങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്.
ഓണക്കാലത്തെ പരസ്യവരുമാനവും വലിയ തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. പരസ്യം വന്‍ തോതില്‍ ചെയ്തിട്ടു കാര്യമില്ലെന്ന തിരിച്ചറിവില്‍ പരസ്യദാതാക്കള്‍ പലരും പിന്‍വലിയുന്നുണ്ട്. ദുരന്തമേഖലകളിലെ സ്ഥാപനങ്ങളാവട്ടെ, പരസ്യം ചെയ്യാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയിലുമാണ്.
ഇതിനു പുറമേയാണ് ന്യൂസ് പ്രിന്റിനു വന്നിരിക്കുന്ന ക്ഷാമം. കോട്ടയത്തെ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ മലിനീകരണ പ്രശ്നത്തെ തുടര്‍ന്ന് ഉത്പാദനം പ്രതിസന്ധിയിലാണ്. ഇതു മറികടക്കാനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ന്യൂസ് പ്രിന്റ് ഇറക്കുമതി ചെയ്യുന്നത്. അവിടെ വില കൂടിയതും പത്രവ്യവസായത്തെ ബാധിച്ചിട്ടുണ്ട്.
വന്‍കിട പത്രങ്ങള്‍ പോലും പേജ് എണ്ണം കുറച്ചും പല എഡിഷനുകള്‍ ഒരുമിച്ച് അടിച്ചുമൊക്കെയാണ് പിടിച്ചുനില്ക്കാന് നോക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഇതേസമയം, ന്യൂസ് ചാനലുകള്‍ക്ക് വലിയൊരു പ്രദേശത്ത് കാഴ്ചക്കാരെ നഷ്ടപ്പെട്ടുവെങ്കിലും മറ്റിടങ്ങളിലും മറുനാടുകളില്‍ കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കാനായത് നേട്ടമായി.
Keywords: Kerala Floods, Floods, News papers, Print, Edition, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS