Search

മെസി, റൊണാള്‍ഡോ, മോഡി... ആരുടെ രണാങ്കണം?


ജോര്‍ജ് മാത്യു

പതിവില്ലാതെ രാവിലെ കൊച്ചുമകന്‍ രോഹിത് ബാംഗ്‌ളൂരില്‍ നിന്നു വിളിക്കുന്നു. അവന്റെ മനസ്സ് എനിക്ക് വായിക്കാം. അവന്‍ മെസ്സിയുടെയും റൊണാള്‍ഡോയുടെയും കട്ട ഫാനാണ്. ''എന്താടാ രാവിലെ'' എന്നായി ഞാന്‍. അപ്പച്ചാ പത്രം വായിച്ചോ, ഫ്രാന്‍സ് ജയിക്കുമെന്നാണല്ലോ?

''ജയിച്ചോട്ടെ. അതിന് നിനക്കെന്താ?'' ഞാന്‍ അവനെ ചൊടിപ്പിച്ചു. പിന്നെ തണുപ്പിച്ചു. ഞാന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അര്‍ജന്റീനയ്ക്ക് ഒറ്റ തന്ത്രമേ പക്കലുള്ളൂ. അദ്ധ്വാനിച്ച് കളിച്ച് ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ ലീഡു ചെയ്യുക. രണ്ടാം പകുതിയില്‍ ചെറുപ്പക്കാരെ ഇറക്കി പ്രതിരോധിക്കുക.

''അപ്പോള്‍ പോര്‍ച്ചുഗലോ'' എന്നായി രോഹിത്ത്. അതും സ്വാഹ: രണ്ട് രാജകുമാരന്മാരും (മെസ്സിയും റൊണാള്‍ഡോയും) ഇന്നും നാളെ പുലര്‍ച്ചെയുമായി ലോകകപ്പിനോട് വിടപറയാനാണ് വന്‍ സാധ്യത.

ഇനി നേരിലേക്ക് വരാം. രാവിലെ രോഹിത്ത് മൂഡു തെറ്റിച്ചതുകൊണ്ട് ആലോചിചിച്ചെടുത്തതാണ്. മണ്ണും ചാരിയിരുന്നവന്‍ പെണ്ണുംകൊണ്ട് പോയി എന്നത് നമ്മുടെ ന്യായം. ഇവിടെ കപ്പുംകൊണ്ട് വന്നവര്‍ കയ്യും വീശി മടങ്ങി എന്ന് തിരുത്തുന്നു. എന്നിട്ടും ആര്യ രക്തം തിളയ്ക്കുന്നില്ല.
ജര്‍മ്മന്‍ വീഥികള്‍ ശൂന്യമായിരിക്കുന്നു; മൗനവും.

എന്നാല്‍, ജൂണ്‍ 22 ന് ബ്രസീല്‍ എന്ന ഗോലിയാത്ത് കൊസ്റ്റിറിക്ക എന്ന ദാവീദിന്റെ മുന്നില്‍ 90 മിനിട്ടും മുട്ടുവിറച്ച് നില്‍ക്കുകയായിരുന്നില്ലേ. ഇന്‍ജുറി സമയത്തെ നാല് മിനിട്ടുകളില്‍ രണ്ട് ഗോള്‍ വലയിലാക്കി, മടക്ക കപ്പലില്‍ കയറാതെ രക്ഷപ്പെടുകയായിരുന്നില്ലേ. അതുതന്നെ ആയിരുന്നില്ലേ അര്‍ജന്റീനയുടെയും വിധി. ജൂണ്‍ 27 ന് പുലര്‍ച്ചെ 1.06 വരെ അവര്‍ വിടവാങ്ങല്‍ സന്ദേശം രചിക്കുകയായിരുന്നില്ലേ. റോജോ എന്ന പകരക്കാരനിലൂടെ രണ്ടാം പകുതിയുടെ 41 -ാം മിനിട്ടില്‍ ഗോളിന്റെ രൂപത്തില്‍ ഭാഗ്യം അവതരിക്കുകയായിരുന്നു. ഇതേ റോജോ അതിന് ആറ് മിനിട്ട് മുന്‍പ്  ഹാന്‍ഡ് ബോളിന് പിടിക്കപ്പെട്ട് പെനാല്‍റ്റി വരെ എത്തിയതാണ്. ഇലക്ട്രോണിക് റിവ്യൂവില്‍ ന്നില്ല.  റഫെറി ക്യൂനിറ്റ് കാക്ക്വിര്‍ അത് തലയില്‍ തട്ടി രണ്ടാം ടച്ചില്‍ കയ്യില്‍ വീഴുകയായിരുന്നു എന്ന് തീരുമാനിച്ച് റോജോയ്ക്കും അര്‍ജന്റീനയ്ക്കും 'ജാമ്യം' അനുവദിക്കുകയായിരുന്നു.

ചുരുക്കത്തില്‍ കൊടിയ പരീക്ഷണങ്ങളുടെ വാള്‍മുനയിലൂടെ സഞ്ചരിച്ചാണ് മലയാളികളുടെ രണ്ട് മനോരഥങ്ങള്‍ രണ്ടാം ഘട്ടത്തില്‍ കടന്നിരിക്കുന്നത്. എതിരാളികളാകട്ടെ ശക്തരും. ഫ്രാന്‍സ് ഇതുവരെ ഒരു കളിയിലും തോറ്റിട്ടില്ല. ഉറുഗ്വേ (പോര്‍ച്ചുഗലിന്റെ എതിരാളി) ആകട്ടെ ഫുള്‍ ഒന്‍പത് പോയിന്റും ഉഗ്രന്‍ ഫോമും കീശയിലിട്ടുകൊണ്ടാണ് കളത്തിലിറങ്ങുന്നത്. തട്ടിയും മുട്ടിയും ഒന്നാംഘട്ടം രക്ഷപ്പെട്ട റൊണാള്‍ഡോയെയും മെസ്സിയെയും എത്രനാള്‍ നമുക്ക് പോറ്റാനാവും!?

***

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പോര്‍ട്ടുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ റൊണാള്‍ഡോയുടെ കൈയൊപ്പിട്ട ജഴ്‌സി സമ്മാനിച്ചപ്പോള്‍. (ഫയല്‍ ചിത്രം)

ഫുട്‌ബോളിന്റെ കേളികൊട്ട് അവസാനിക്കാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് രാജ്യം, തിരഞ്ഞെടുപ്പിന്റെ എരിതീയിലേക്ക് എടുത്തുചാടാന്‍! 2019 ഏപ്രില്‍ വരെ അത് നീണ്ടുപോവില്ല. മറിച്ച് ഈ വരുന്ന നവംബറില്‍ തന്നെ സംഭവിച്ചേക്കാം എന്ന മട്ടില്‍ കുശുകുശുക്കലുകള്‍ അന്തരീക്ഷത്തില്‍!
ഇപ്പോള്‍ വാട്ട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന CSDS - ABP Mood of the nation സര്‍വ്വേയുടെ പുതിയ കണ്ടെത്തലുകളാണ് താഴെ പറയുന്ന വിശകലനങ്ങള്‍ക്ക് ആധാരം. ഇന്ത്യ ടുഡേക്ക് വേണ്ടി ആറു മാസത്തില്‍ ഒരിക്കല്‍  CSDS  മൂഡ് കണ്ടെത്തല്‍ പരിപാടി നടത്തുന്നു. അത് പരിപൂര്‍ണ്ണമായി ഇന്ത്യ ടുഡെ ഒരു സ്‌പെഷ്യല്‍ ലക്കമായി പ്രസിദ്ധീകരിക്കാറുണ്ടല്ലോ. അതിനാല്‍ ഒരല്പം ആധികാരികത ഇതിന് ലഭിക്കുന്നു.

ചുരുക്കി പറയാം. അവസാനത്തെ സര്‍വ്വേ ഫലങ്ങള്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകാര്യത 47 ശതമാനത്തില്‍ നിന്നു 13 ശതമാനം കുറഞ്ഞിരിക്കുന്നു. രാഹുലിന്റേത് 14 ല്‍ നിന്ന് വര്‍ദ്ധിച്ച് 24 ല്‍ എത്തി നില്‍ക്കുന്നു. അതവിടെ നില്‍ക്കട്ടെ.
ആറു മാസങ്ങള്‍ക്കുള്ളില്‍ നടന്ന പത്ത് പാര്‍ലമെന്റ് ഉപ
തെരഞ്ഞെടുപ്പുകളും 40 ല്‍ പരം അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങളും (16 സംസ്ഥാനങ്ങള്‍ 1.25 കോടി വോട്ടര്‍മാര്‍)  വിശകലനം ചെയ്യപ്പെട്ടു. എന്‍.ഡി.എ 37 ശതമാനം വോട്ടു നേടി. കോണ്‍ഗ്രസും യു.പി.എയും കൂടി 31 ശതമാനം. മറ്റു പ്രാദേശിക പാര്‍ട്ടികള്‍ (എസ്.പി, ബി.എസ്.പി, ജെ.ഡി.എസ് മുതലായവ) പത്ത് ശതമാനം എന്നാണ് ഇന്ത്യ ടുഡെയുടെ കണക്കുകള്‍.

ഇതില്‍ മായം ചേര്‍ത്തിരിക്കുന്നു എന്നാണ് ഇന്റര്‍പ്രെട്ടറുടെ വാദം. എന്‍.ഡി.എയുടെ 36 ശതമാനം, ഒരു ശതമാനം കൂട്ടി 37 ഉം, കോണ്‍ഗ്രസ്സിന്റെയും യു.പി.എയുടെയും 32 ശതമാനത്തില്‍ നിന്ന് ഒന്നു കുറച്ച് 31 ഉം ആക്കി അവര്‍ ബി.ജെ.പിയെ സുഖിപ്പിക്കുന്നു. മഹാസഖ്യത്തിന് പത്ത് ശതമാനം എന്നതും ശരിയല്ല. അത് 13.3 ശതമാനം ആകുന്നു. അങ്ങനെ 32 ഉം 13.3 ശതമാനവും ചേര്‍ന്നുള്ള വലിയ സംഖ്യയെ അവര്‍ മറച്ചുപിടിക്കുന്നു. ആശ്വസിക്കേണ്ടവര്‍ ആശ്വസിച്ചുകൊള്ളട്ടെ എന്നു നമുക്ക് ആശ്വസിക്കാം.

എന്നാല്‍ ഈ കണക്കുകള്‍ പുറത്തുവന്നിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു. അതിനുശേഷം വലിയ ഭൂമികുലുക്കങ്ങള്‍ ഈ ഭാരതമഹാരാജ്യത്ത് നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്നു. അന്ന് ബി.ജെ.പി - പി.ഡി.പി ഭരണം കശ്മീരില്‍ ഉണ്ടായിരുന്നു. സ്വിസ് ബാങ്കില്‍ ഡിമൊണിട്ടൈസേഷന് ശേഷം എത്തിച്ചേര്‍ന്ന ഏഴായിരം കോടിയുടെ കള്ളപ്പണ ഒഴുക്കില്ലായിരുന്നു. (ശതമാന കണക്കില്‍ 50 ശതമാനം വര്‍ദ്ധന മോഡി ഭരണത്തില്‍ മുന്‍പത്തേക്കാള്‍) നിതീഷ് കുമാര്‍ ചാഞ്ചാട്ടം തുടങ്ങിയിരുന്നില്ല...

തിരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ പി എച്ച്ഡിയുള്ള ബിജെപി പുതിയ തന്ത്രം മെനയുകയാണ്; ഭയപ്പാടോടെ ആണെങ്കിലും! കളിക്കളത്തിലെ 'യുദ്ധം' ഒന്നു തീര്‍ന്നോട്ടെ. വര്‍ദ്ധിത വീര്യത്തോടെ അടുത്ത 'യുദ്ധ'ത്തിനൊരുങ്ങാം; അടുത്തൂണ്‍ പറ്റും മുന്നേ!

ലേഖകന്റെ ഫോണ്‍: 98479 21294


നൈജീരിയയെ തോല്‍പ്പിച്ചതും അര്‍ജന്റീനയെ ജയിപ്പിച്ചതും റഫറി, ഫുട്‌ബോളിനു തന്നെ മാനക്കേടായ കാഴ്ച ലോകകപ്പില്‍


അര്‍ഹതപ്പെട്ട പെനാല്‍റ്റിക്കായി റഫറി കുനെയ്റ്റ് കാകിറുമായി 
തര്‍ക്കിക്കുന്ന നൈജീരിയന്‍ താരങ്ങള്‍
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മെസി, റൊണാള്‍ഡോ, മോഡി... ആരുടെ രണാങ്കണം?