ജാവേദ് റഹ്മാന് ബംഗളൂരു: ഒരു പകലും രാത്രിയും നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകത്തില്‍ ഭൂരിപക്ഷമില്ലാതെ ബിജെപി സര്‍ക്കാര്‍...
ജാവേദ് റഹ്മാന്
ബംഗളൂരു: ഒരു പകലും രാത്രിയും നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകത്തില്‍ ഭൂരിപക്ഷമില്ലാതെ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പ്രതീക്ഷ ജാതി സമവാക്യങ്ങളാണ്.
കോണ്‍ഗ്രസിലും ജനതാദള്‍ എസിലുമുള്ള ലിംഗായത്ത് വിഭാഗക്കാരായ എംഎല്‍എമാരെയാണ് ബിജെപി ഉറ്റുനോക്കുന്നത്. ഇതിനകം തന്നെ ഒരാള്‍ക്ക് 100 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് എംഎല്‍എമാരുടെ മനസ്സിളക്കിയിട്ടുണ്ട് ബിജെപി.
അതിലും വലിയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ലിംഗായത്ത് നേതാക്കളുമായി ബിജെപി കൂടിയാലോചനകളിലാണ്. മുഖ്യമന്ത്രി യദിയൂരപ്പ ലിംഗായത്ത് വിഭാഗക്കാരനാണ്. ജെഡിഎസ് മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന എച്ച് ഡി കുമാരസ്വാമി വൊക്കലിംഗ സമുദായക്കാരനാണ്. ലിംഗായത്തുകളും വൊക്കലിംഗക്കാരും അത്ര രസത്തിലുമല്ല.
അതിനാല്‍ വൊക്കലിംഗ വിഭാഗത്തില്‍ പെട്ടയാള്‍ മുഖ്യമന്ത്രിയാകുന്നത് ഒഴിവാക്കാനായി ലിംഗായത്തായ യദിയൂരപ്പയെ പിന്തുണയ്ക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതൊരു ജാതീയ വിഷമായി നേതാക്കളുടെ മനസ്സില്‍ കുത്തിവച്ചാല്‍ വിശ്വാസവോട്ടെടുപ്പു വരുമ്പോള്‍ ലിംഗായത്തുകള്‍ ബിജെപിയെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ.
വിപ്പ് ലംഘിച്ചു വോട്ടു ചെയ്താല്‍ ആ എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടാം. അതിനു പ്രത്യുപകാരമാണ് 100 കോടിയോ അതില്‍ കൂടുതലോ വരുന്ന പ്രതിഫലം. ഇനി അയോഗ്യത കല്പിക്കണമെങ്കിലും അതിനു നടപടിക്രമങ്ങളുണ്ട്. സര്‍ക്കാര്‍ ബിജെപിയുടേതായാല് അയോഗ്യത എളുപ്പമാവില്ല. പിന്നെ കോടതിയില്‍ പോയി നീണ്ട വിചാരണയ്ക്കൊടുവില് അയോഗ്യത വരുമ്പോഴേക്കും സര്‍ക്കാരിന്റെ കാലാവധി കഴിയാറായിട്ടുണ്ടാവും. ഇത്തരം ഗെയിം പ് ളാനുകളോടെയാണ് ബിജെപി കളിക്കുന്നത്.
13 പേരെ കൂടി മറുപക്ഷത്തുനിന്ന് അടര്‍ത്തിയെടുത്താല്‍ ബിജെപിക്ക് അനായാസം ഭരിക്കാം. ഇതില്‍ തന്നെ മൂന്നു സ്വതന്ത്രരെ പിടിക്കുക ഒട്ടും പ്രയാസമാവില്ല. ശേഷിക്കുന്ന പത്തു പേരെ ലിംഗായത്ത് കാര്‍ഡ് ഉപയോഗിച്ചു പിടിക്കുകയാണ് ബിജെപിയുടെ തന്ത്രം. അതു ഫലം കാണുമോ അതിനു മുന്‍പ് സുപ്രീം കോടതി ഇടപെട്ട് തീര്‍പ്പുണ്ടാക്കുമോ എന്നൊക്കെ കാത്തിരുന്നു കാണാം.
COMMENTS