തിരുപ്പതി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മൊ...
തിരുപ്പതി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മൊറാം ഗ്രാമത്തിലെ വെങ്കിടേശ്വരാ ഹാച്ചറീസ് ലിമിറ്റഡിലെ സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്നതിനിടെയാണ് ഏഴ് തൊഴിലാളികള്‍ മരിച്ചത്.
ഇന്നലെയാണ് സംഭവം നടന്നത്. ആദ്യം നാല് തൊഴിലാളികളാണ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. വിഷ വാതകം ശ്വസിച്ച് ഇവര്‍ തലകറങ്ങി വീണതോടെ ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ മറ്റുള്ളവരും വിഷപ്പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.
ഉടന്‍തന്നെ ടാങ്ക് തുറന്ന് തൊഴിലാളികളെ പുറത്തെടുത്തെങ്കിലും ഒരാള്‍ സംഭവസ്ഥലത്തുവച്ചും മൂന്നുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയും മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചും മരണമടയുകയായിരുന്നു.
തൊഴിലാളികളെ സെപ്റ്റിക് ടാങ്കിലേക്ക് ഇറക്കുന്നതിന് മുന്‍പ് ഇവരുടെ സുരക്ഷിതത്വം കമ്പനി ഉറപ്പു വരുത്തിയില്ല എന്നതാണ് പ്രാഥമിക നിഗമനം.
കമ്പനിയുടെ പ്ലാന്റ് മാനേജര്‍ ഒളിവിലാണ്.
മരിച്ചവരുടെ കുടുംബത്തിന് വേണ്ട സഹായം നല്‍കുമെന്ന് ആന്ധ്രാപ്രദേശ് ആരോഗ്യമന്ത്രി അറിയിച്ചു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
COMMENTS