Search

അതിര്‍ത്തി കടന്ന് വീണ്ടും ഇന്ത്യന്‍ വീരഭടന്മാരുടെ മിന്നലാക്രമം, പാക് പക്ഷത്ത് വന്‍ നാശമെന്നു സൂചന, മൂന്നു പാക് ഭടന്മാരുടെ മരണം സ്ഥിരീകരിച്ചു



അഭിനന്ദ്

ന്യൂഡല്‍ഹി: നാല് ഇന്ത്യന്‍ സൈനികരെ വധിച്ച പാകിസ്ഥാനി സേനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുത്ത് ഇന്ത്യന്‍ സേന. പാക് അധിനിവേശ കശ്മീരിലെ റവാലക്കോട്ട് രഖചരി മേഖലയില്‍ നിയന്ത്രണരേഖ കടന്നുചെന്നാണ്, മുന്‍പു നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ അനുസ്മരിപ്പിക്കും വിധം ഇന്ത്യന്‍ സേനാ കമാന്‍ഡോകള്‍ പാക് സൈനികരെ ചുട്ടെരിച്ചത്.

ഏഴോ എട്ടോ വരുന്ന ഇന്ത്യന്‍ സംഘം തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സമര്‍ത്ഥമായ ആക്രമണം നടത്തിയത്. മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിരവധി പാക് സൈനികര്‍ക്കു പരിക്കുമുണ്ട്.

ഘാതക് കമാന്‍ഡോകളാണ് ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്. നിയന്ത്രണ രേഖ കടന്ന്  250-300 മീറ്റര്‍ ഉള്ളിലെത്തിയായിരുന്ന ആക്രമണം. നിയന്ത്രണ രേഖയ്ക്കടുത്ത് ഇന്ത്യന്‍ സൈനികര്‍ സ്‌ഫോടനം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ, പാക് സേനയുടെ 59 ബലൂച് യൂണിറ്റിലെ സൈനികര്‍ കാര്യമറിയാതെ ഇവിടം ഉന്നമിട്ട് വെടിവയ്ക്കാനാരംഭിച്ചു. ഈ സമയം, ഇന്ത്യന്‍ കമാന്‍ഡോകള്‍ അവരെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇന്ത്യന്‍ പോസ്റ്റുകളില്‍ നിന്നു കമാന്‍ഡോകള്‍ക്കു വേണ്ടി കവറിംഗ് വെടിവയ്പ്പും തുടര്‍ന്നു.

ലോക്കല്‍ ബറ്റാലിയന്‍ കമാന്‍ഡര്‍ ആസൂത്രണം ചെയ്തതായിരുന്നു തിരിച്ചടി പദ്ധതി. ഇതിനു ബ്രിഗേഡ് കമാന്‍ഡര്‍ അംഗീകാരവും കൊടുത്തു. അതുകൊണ്ടു തന്നെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ വിപുല സന്നാഹമില്ലാതെ തന്നെ ശക്തമായ തിരിച്ചടി കൊടുക്കാനായി.

പാകിസ്ഥാന്‍ പക്ഷത്തു നിന്നു പ്രകോപനമില്ലാതെ വെടിവയ്‌പ്പോ ആക്രമണമോ ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പു കൂടിയാണ് ഈ നടപടിയെന്നു സേനാ വക്താവ് അറിയിച്ചു.

ഇതേസമയം, മൂന്നു സൈനികര്‍ മരിച്ച കാര്യം സ്ഥിരീകരിച്ചുവെങ്കിലും ഇന്ത്യന്‍ സേന പറയുന്നത് നടക്കാത്ത കാര്യങ്ങളുടെ മനോഹരമായ ഭാവനയാണെന്നാണ് പാക് സേനാ വക്താവ് പ്രതികരിച്ചത്.

Keywords: Indian Army, Gatak Commandos, POK









vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അതിര്‍ത്തി കടന്ന് വീണ്ടും ഇന്ത്യന്‍ വീരഭടന്മാരുടെ മിന്നലാക്രമം, പാക് പക്ഷത്ത് വന്‍ നാശമെന്നു സൂചന, മൂന്നു പാക് ഭടന്മാരുടെ മരണം സ്ഥിരീകരിച്ചു