BREAKING NEWS
Search

സോളാര്‍ പ്രേതം പിന്നെയും യുഡിഎഫിനെ വേട്ടയാടുന്നു, ഉപതിരഞ്ഞെടുപ്പു ദിവസം സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ, മറുപടി പറയാനാവാതെ പ്രതിപക്ഷം


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഏറെ ഒച്ചപ്പാടുണ്ടാക്കിയ സോളാര്‍ കേസില്‍ വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പു ദിവസം തന്നെ സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു.

തിരഞ്ഞെടുപ്പു ദിനത്തില്‍ തന്നെ മുന്‍ മുഖ്യമന്ത്രിക്കെതിരേ വിജിലന്‍സ് അന്വേഷണവും മുന്‍ ആഭ്യന്തര മന്ത്രിക്കെതിരേ കേസെടുത്തതും ബോധപൂര്‍വം തന്നെയാണെന്നാണ് വിലയിരുത്തല്‍.

എന്തായാലും പിണറായി വിജയന്‍ ഇന്നു നടത്തിയ പത്രസമ്മേളനത്തിലെ പ്രഖ്യാപനം എല്ലാ അര്‍ത്ഥത്തിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ പോന്നതാണ്. കുറച്ചേറെ നാള്‍ സോളാര്‍ പ്രേതം പ്രതിപക്ഷത്തെ വേട്ടയാടുമെന്ന് ഇതോടെ ഉറപ്പായി.

കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവാദിയെന്ന് സോളാര്‍ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്കിയതും പ്രതിപക്ഷത്തെ കുടുക്കുന്നു. അന്നത്തെ ആഭ്യന്തരവിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതാണ് അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ കാരണം.

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുക.

ഉമ്മന്‍ ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഐജി പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കും. ഹരികൃഷ്ണനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും.

ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസെടുക്കും. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്  നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും.

സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കള്‍ക്കെതിരെ മാനഭംഗത്തിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ, പ്രതിപക്ഷത്തെ പലരും ഒരേസമയം പ്രതിക്കൂട്ടിലാവുകയാണ്.

ഇതേസമയം, കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നാണ് പ്രതിപക്ഷ ആരോപണം. പക്ഷേ, അവര്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മിഷനാണ് വിധിയെഴുതും വിധം റിപ്പോര്‍ട്ട് നല്കിയതെന്നതാണ് യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആരോപണ വിധേയരായ നേതാക്കള്‍ രാഷ്ട്രീയം വിടണമെന്നാണ് ഇടതു മുന്നണി ആവശ്യപ്പെടുന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സോളാര്‍ പ്രേതം പിന്നെയും യുഡിഎഫിനെ വേട്ടയാടുന്നു, ഉപതിരഞ്ഞെടുപ്പു ദിവസം സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ, മറുപടി പറയാനാവാതെ പ്രതിപക്ഷം