അഭിനന്ദ് ന്യൂഡല്‍ഹി: വിരമിച്ച ശേഷം ബിജെപി പക്ഷത്തോടു കൂറുപുലര്ത്തിയിട്ടും കേരള പൊലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ കേരള അഡ്മ...
അഭിനന്ദ്
ന്യൂഡല്‍ഹി: വിരമിച്ച ശേഷം ബിജെപി പക്ഷത്തോടു കൂറുപുലര്ത്തിയിട്ടും കേരള പൊലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള(കെഎടി) നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു.സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം മതി നിയമനമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സെന്‍ കുമാറിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട സോമസുന്ദരത്തെ നിയമിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
2016 ഓഗസ്റ്റിലാണ് കെഎടിയിലെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്. തിരഞ്ഞെടുപ്പു സമിതി ഒക്ടോബറില്‍ വി. സോമസുന്ദരത്തിന്റെയും സെന്‍കുമാറിന്റെയും പേരുകള്‍ ശുപാര്‍ശ ചെയ്തു.
ഇതിനൊപ്പമാണ് സെന്‍ കുമാര്‍ സംസ്ഥാന സര്‍ക്കാരുമായി പോരിലായത്. തുടര്‍ന്ന്
സെന്‍കുമാറിന്റെ നിയമനത്തെ കേരള സര്‍ക്കാര്‍ എതിര്‍ത്തു. വിഷയം കോടതിയിലുമെത്തി.
സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ നിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നുമായിരുന്നു കേരള സര്‍ക്കാരിന്റെ വാദം.
ഇതിനിടെ, താന്‍ കെഎടിയിലേക്കില്ലെന്നു സെന്‍ കുമാര്‍ പറയുകയും ചെയ്തിരുന്നു. വിരമിച്ച സെന്‍ കുമാര്‍ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നു വരെ ശ്രുതിയുണ്ടായിരുന്നു.
ഇതിനിടെയാണ് അദ്ദേഹത്തെ അപമാനിക്കും വിധം ഇപ്പോള്‍ നിയമനം മരവിപ്പിച്ചുകൊണ്ട് കേന്ദ്ര നിലപാട് വന്നിരിക്കുന്നത്. നാളെ സെന്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തന്നെ കേന്ദ്രത്തിനു വിശ്വാസമില്ലാത്ത വ്യക്തിയെന്ന മുദ്ര അദ്ദേഹത്തിനു വിനയായി മാറിയേക്കാം.
ബിജെപി നേതൃത്വം അറിഞ്ഞു തന്നെയാണോ സെന്‍ കുമാറിനെ മാറ്റിനിറുത്താന്‍ തീരുമാനമെടുത്തതെന്നും വ്യക്തമല്ല.
COMMENTS