Search

ഷി വാഴ്ത്തപ്പെട്ടവന്‍! മാവോയ്‌ക്കൊപ്പം പേര് പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു, ചൈനയില്‍ ഭരണം തുടരാന്‍ പ്രസിഡന്റിന്റെ പിന്‍വാതില്‍ കളികള്‍, എതിര്‍ത്തവരെല്ലാം ജയിലിലേക്ക്അഭിനന്ദ്

ന്യൂഡല്‍ഹി : തനിക്കെതിരായി നിന്ന എല്ലാ കൈകളും വെട്ടിനിരത്തിക്കൊണ്ട്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് മാവോ സെ ദുങിനൊപ്പം പാര്‍ട്ടിയിലെ വാഴ്ത്തപ്പെട്ടവനായി മാറുന്നു! മാവോയ്ക്കും മുന്‍ നേതാവ് ഡെങ് സിയാവോപിങിനുമൊപ്പം ഷിയുടെ പേര് ചേര്‍ത്ത് പാര്‍ട്ടി ഭരണഘടന തിരുത്തി, പാര്‍ട്ടിയുടെ എക്കാലത്തെയും ചരിത്രത്തിലെ മൂന്നാമത്തെ പ്രധാന നേതാവായി മാറിയിരിക്കുകയാണ് ഷി.

ആദ്യ രണ്ടു നേതാക്കള്‍ പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചുവെങ്കില്‍ ഷി അധികാരത്തിന്റെ ബലത്തില്‍ ആ പദവി പിടിച്ചടക്കിയിരിക്കുകയാണ്. തനിക്കെതിരേ കൈകള്‍ ഉയരുമെന്നു ഭയന്ന ഷി, ബോധപൂര്‍വം നടത്തിയ പടയൊരുക്കത്തിനൊടുവിലാണ് ഈ സ്ഥാനത്തെത്തിയിരിക്കുന്നത്.

മുന്‍ നേതാക്കളായ ഹു ജിന്റാവോ, ജിയാങ് സെമിന്‍ എന്നിവരുടെ ദര്‍ശനങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ പേരു ചേര്‍ത്തിട്ടില്ല. പുതിയ ഭേദഗതിയോടെ, ഷി ചിന്‍പിങ്ങിനെതിരായ ഏതു നീക്കവും പാര്‍ട്ടിക്കെരെയുള്ള ഭീഷണിയായി വിലയിരുത്തും. പാഠ്യപദ്ധതിയിലും ഷിയുടെ ദര്‍ശനങ്ങള്‍ ഇനി പ്രാധാന്യത്തോടെ പഠിപ്പിക്കേണ്ടിവരും!അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസില്‍ 2,300 പ്രതിനിധികള്‍ ഏക സ്വരത്തില്‍ ഷിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന ഭരരഘടനാ ഭേദഗതി അഗീകരിക്കുകയായിരുന്നു.

മാറുന്ന കാലത്തെ നേരിടാന്‍ പാര്‍ട്ടി പ്രത്യയശാസ്ത്രങ്ങളിലും പ്രയോഗങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ മതിയായ സ്വാതന്ത്ര്യം ഷിക്ക് അനുവദിച്ചുകൊണ്ടാണ് അദ്ദേഹത്തെ മൂന്നാമനായി ഉയര്‍ത്തുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന ചൈനയുടെ ദേശീയ ഭരണഘടനയില്‍ നിന്ന് വ്യത്യസ്തമാണ്. പാര്‍ട്ടിയുടെ ഭരണഘടന അതിന്റെ അംഗങ്ങളുടെ നിയമങ്ങളും തത്വങ്ങളും വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ 2,300 പ്രതിനിധികളെയും ഷി ഭരണത്തിന്റെ പിന്‍ബലത്തില്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍, നേതൃത്വം മുന്നോട്ടുവച്ചതില്‍ അപൂര്‍വം കാര്യങ്ങള്‍ മാത്രമാണ് എതിര്‍ക്കപ്പെട്ടത്.

ചോങ്ങിങ്ങ് നഗര മേഖലയിലെ പാര്‍ട്ടിയുടെ മുന്‍ മേധാവി സണ്‍ ഷെങ്കായിയുടെ നേതൃത്വത്തില്‍ ഷിക്കെതിരേ അട്ടിമറി നീക്കം നടന്നതായി പാര്‍ട്ടി കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പൊളിറ്റ് ബ്യൂറോയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള മല്‍സരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായ സണ്‍ ഷെങ്കായിയെ ഈ ആരോപണത്തോടെ പൂട്ടാന്‍ ഷിക്കു കഴിഞ്ഞു.

ഭാര്യക്കൊപ്പം അറസ്റ്റിലായ സണ്‍ ഷെങ്കായ് ഇപ്പോള്‍ ജയിലിലാണ്. ജീവപര്യന്തം ശിക്ഷയാണ് കിട്ടിയിരിക്കുന്നത്. ഷി ജിന്‍പിങ്ങിന്റെ ശക്തനായ എതിരാളിയായിരുന്ന ബോ സിലായിയും ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലാണ്. ഇരുവരെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടുമുണ്ട്.

ഇന്നു നടക്കുന്ന പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി (പിഎസ്സി) തിരഞ്ഞെടുപ്പില്‍ ഷിക്ക് നല്ലൊരു പിന്‍ഗാമിയുണ്ടോ എന്നു വ്യക്തമാകും. ഇല്ലെങ്കില്‍ മൂന്നാം വട്ടവും അധികാരത്തില്‍ തുടരാനുള്ള കുറുക്കുവഴികള്‍ ഇപ്പോഴേ ഷി ഒപ്പിക്കുമെന്നും കരുതാം. എന്തായാലും രണ്ടാം വട്ടവും അധികാരത്തില്‍ തുടരുന്നതിനുള്ള തടസ്സങ്ങളെല്ലാം അദ്ദേഹത്തിനു മുന്നില്‍ നിന്നു മാറിക്കിട്ടി. മൂന്നാം വട്ടവും അധികാരത്തില്‍ തുടരണമെങ്കില്‍ പാര്‍ട്ടി ഭരണഘടന പൊളിച്ചെഴുതേണ്ടതുണ്ട്.

2012ലാണു ഷി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത്. 2013ല്‍ ചൈനീസ് പ്രസിഡന്റായി. രണ്ടാം തവണയും നിയോഗിക്കപ്പെട്ടതോടെ, 2022 വരെ ഷിക്ക് അധികാരത്തില്‍ തുടരാം. അതു കഴിഞ്ഞും തുടരാനായി ഭരണഘടനാ ഭേദഗതിക്കു വേണ്ട വഴികള്‍ ഇപ്പോഴേ ഒരുക്കാന്‍ അദ്ദേഹം നീക്കമാരംഭിച്ചതായാണ് സൂചന.


Keywords: Xi Jin Ping,  Mao, Constitution, president, , Chinese President, Mao Zeong Dung, Deng Xiaoping,  power, Communist Party Congress,vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഷി വാഴ്ത്തപ്പെട്ടവന്‍! മാവോയ്‌ക്കൊപ്പം പേര് പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു, ചൈനയില്‍ ഭരണം തുടരാന്‍ പ്രസിഡന്റിന്റെ പിന്‍വാതില്‍ കളികള്‍, എതിര്‍ത്തവരെല്ലാം ജയിലിലേക്ക്