റോയ് പി തോമസ് കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലാണ് നടന് ദിലീപിനെയും സംവിധായകന് നാദിര്‍ഷായേയും പൊലീസ് ചോദ്യംചെയ്തതെങ്കിലും ഇപ്പോള്‍...
റോയ് പി തോമസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലാണ് നടന് ദിലീപിനെയും സംവിധായകന് നാദിര്‍ഷായേയും പൊലീസ് ചോദ്യംചെയ്തതെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ സാമ്പത്തിക ഇടപാടുകളുടെ പിന്നാമ്പുറത്തേയ്ക്ക് എത്തിയിരിക്കുകയാണ്.ദിലീപിന്റെയും നാദിര്‍ഷായുടെയും സാമ്പത്തിക ഇടപാടുകളുടെ എല്ലാ വിവരങ്ങളും പൊലീസ് ഇതിനകം ശേഖരിച്ചിരുന്നു. ഇതെല്ലാം നിരത്തി വളരെ തയ്യാറെടുപ്പോടെയായിരുന്നു പൊലീസ് നീങ്ങിയത്. ഇതോടെയാണ് രണ്ടു മണിക്കൂറിനപ്പുറം പോകില്ലെന്നു കരുതിയ മൊഴിയെടുപ്പ് പതിമൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായി മാറിയത്.
ഇരുവരെയും വിട്ടയച്ച ശേഷം ആലുവ റൂറല്‍ എസ്പി ആര്‍ക്കും കഌന്‍ ചിറ്റ് നല്‍കുന്നില്ലെന്നു പറഞ്ഞതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഫെഡറല്‍ ബാങ്ക്, യൂണിയന് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി ബാങ്കുകളിലുള്ള നിക്ഷേപങ്ങളുടെ എല്ലാ വിവരങ്ങളും അഞ്ചു ദിവസത്തിനകം അറിയിക്കാന്‍ ദിലീപിനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. നാദിര്ഷായാകട്ടെ വിവരങ്ങള്‍ എസ്ബി ഐയിലെ അക്കൗണ്ട് വിവരങ്ങളാണ് നല്‍കേണ്ടത്.
ഇവ ലഭിക്കുന്ന മുറയ്ക്ക് താരത്തെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നു തോന്നിയാല്‍ വിളിച്ചുവരുത്തുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ഇതുകൊണ്ടു തന്നെ തങ്ങള്‍ അറിയാതെ കൊച്ചി വിട്ടുപോകാന്‍ പാടില്ലെന്നും ദിലീപിനോടു പൊലീസ് പറഞ്ഞിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയത്തില്‍ ഇനി പരസ്യ പ്രതികരണം പാടില്ലെന്നും താക്കീതു രൂപതതില്‍ ദിലീപിന് നിര്‍ദ്ദേശം കൊടുത്തതായും പൊലീസ് വൃത്തങ്ങളില്‍ നിന്നു സൂചന ലഭിച്ചു.
നടിയുമായുണ്ടായിരുന്ന റിയല്‍ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആദ്യം ദിലീപ് നിഷേധിച്ചു. പിന്നീട് തെളിവുകള്‍ നിരത്തിയപ്പോള്‍ പലതും താരത്തിനു സമ്മതിക്കേണ്ടിവന്നുവെന്നാണ് അറിയുന്നത്.
പലേടത്തും വാങ്ങിയിട്ടുള്ള ഭൂമിയെക്കുറിച്ചും ബിനാമി ഇടപാടുകളെക്കുറിച്ചുമെല്ലാം വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച് നല്ല ഹോം വര്‍ക് ചെയ്ത ശേഷമാണ് പൊലീസ് ചോദ്യംചെയ്യല്‍ നടത്തിയത്. അതുകൊണ്ടു കൂടിയാണ് പലപ്പോഴും താരത്തിനും കൂട്ടാളികള്‍ക്കും ഉത്തരം മുട്ടിയതും.
പ്രതി പള്‍സര്‍ സുനി കത്തില്‍ നടത്തിയിട്ടുള്ള ആരോപണങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഇതില്‍ പലതും പൊലീസ് മൂവരില്‍നിന്നുമായി വെവ്വേറെയും ഒരുമിച്ചിരുത്തിയും ചോദിച്ചു മനസ്സിലാക്കി.
നടിയുമായ തനിക്ക് നല്ല ബന്ധമുണ്ടായിരുന്നില്ലെന്നും തന്റെ കുടുംബ ജീവിതത്തില്‍ നടി ഇടപെട്ടതാണ് പ്രശ്നങ്ങള്‍ക്കു കാരണമായതെന്നും ദിലീപ് സമ്മതിച്ചുവെന്നും അറിയുന്നു.
COMMENTS