വിരസമായ വ്യായാമരീതികള്ക്കു വിടപറയാം. പകരം ഡാന്‍സ് ചെയ്ത് ഫിറ്റ്നെസ് നേടാം. എയ്റോബിക് ഡാന്‍സായിരുന്നു മുമ്പ് ഫിറ്റ്നെസിനായി ചെയ്തിരുന...
വിരസമായ വ്യായാമരീതികള്ക്കു വിടപറയാം. പകരം ഡാന്‍സ് ചെയ്ത് ഫിറ്റ്നെസ് നേടാം. എയ്റോബിക് ഡാന്‍സായിരുന്നു മുമ്പ് ഫിറ്റ്നെസിനായി ചെയ്തിരുന്നത്. എന്നാല്‍, ഇന്ന് നിരവധി ഫിറ്റ്നെസ് ഡാന്‍സുകളാണ് മലയാളി വ്യായാമത്തിനായി ഉപയോഗിക്കുന്നത്. ഇവ പരിശീലിപ്പിക്കുന്ന സെന്ററുകള്‍ പ്രധാന നഗരങ്ങളിലുണ്ട്. സുംബ, ഹിപ് ഹോപ്, സല്‍സ, ബോളിവുഡ് ഡാന്‍സ്, ജാസ് ഡാന്‍സ് എന്നിങ്ങനെ ഫിറ്റ്നെസ് ഡാന്‍സുകളുടെ പട്ടിക നീളുന്നു.
ഫിറ്റ്നെസ് ഡാന്‍സുകളില്‍ ഏറ്റവും ജനപ്രിയം ലാറ്റിന്‍ വേരുകളുള്ള സുംബയ്ക്കാണ്. സല്‍സ, ഹിപ് ഹോപ്, ടാംഗോ, സോക്ക എന്നിങ്ങനെ വിവിധ നൃത്തരൂപങ്ങളുടെ മിശ്രിതമാണ് സുംബ. വളരെ വേഗത്തിലുള്ള ചുവടുകളാണ് സുംബയുടെ പ്രത്യേകത.
ശരീരത്തില്‍ നിന്ന് 30 മിനിട്ട് കൊണ്ട് 250 കാലറി വരെ എരിച്ചുകളയാന്‍ മികച്ചതാണിത്, ഹൃദയാരോഗ്യത്തിനും ഉത്തമമാണ് സുംബ.
ജാസ് ഡാന്‍സ് മെയ്വഴക്കവും ശാരീരികക്ഷമതയും ശക്തിയും പ്രദാനം ചെയ്യുന്നു. ശരീരത്തിനു മുഴുവന്‍ വ്യായാമം നല്കാന് കഴിയുന്ന ഡാന്‍സ് വര്‍ക്കൗട്ടാണിത്. ജാസ് ഡാന്‍സിന്റെ ചലനങ്ങള്‍ ശരീരത്തിന്റെ ശക്തിയും ബാലന്‍സും വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തില്‍ നിന്ന് കാലറി നഷ്ടപ്പെടുത്തുന്നതിനും പൊണ്ണത്തടി കുറയ്ക്കുന്നതിനും മികച്ചതാണ് ബോളിവുഡ് ഡാന്‍സ്. ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ബെല്ലി ഡാന്‍സ്. പൊണ്ണത്തടി കുറയ്ക്കാനും കൈകള്‍ക്കും തോളുകള്‍ക്കും നല്ല വ്യായാമം ലഭിക്കാനും ബെല്ലി ഡാന്‍സ് സഹായിക്കും.
ആഫ്രിക്കന്‍-കരീബിയന്‍-ലാറ്റിന്‍ ശൈലികളുടെ സമന്വയമായ സല്‍സ ഇടുപ്പിനും കൈകള്‍ക്കും തോളുകള്‍ക്കും നല്ല വ്യായാമമാണ്. മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും ബിപി നിയന്ത്രിക്കാനും കൊളസ്ട്രോള്‍ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്ന ഫിറ്റ്നെസ് ഡാന്‍സാണ് സല്‍സ.
ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ ഫിറ്റ്നെസ് ഡാന്സുകള്ക്കുണ്ട്. പതിവായി ഇവ ചെയ്താല്‍ ശരീരഭാരം കുറയ്ക്കാം. ശരീരപേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ബാലന്‍സ് മെച്ചപ്പെടുത്താനും ഇവയ്ക്കു കഴിയും. ഡാന്‍സിലൂടെ കൈകള്‍, അരക്കെട്ട്, കാലുകള്‍ എന്നിവിടങ്ങളിലെല്ലാം വ്യായാമം ലഭിക്കുന്നു.
ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഫിറ്റ്നെസ് ഡാന്‍സുകള്‍ പരിശീലിക്കുന്നതിലൂടെ സാധിക്കും. ഇവ സന്തോഷകരമായ മാനസികാനുഭവം നല്കുന്നു. ചിന്താശേഷി, ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടുത്തുന്നതിനു പുറമെ വിഷാദരോഗത്തില്‍ നിന്നും കരകയറാനും ഡാന്‍സ് സഹായിക്കും.
മറ്റു വ്യായാമങ്ങള്‍ പോലെ പരിശീലകന്റെ സേവനം ഫിറ്റ്നെസ് ഡാന്‍സിനും ആവശ്യമാണ്. ഓരോരുത്തരുടെയും ശരീരത്തിന്റെ അവസ്ഥയ്ക്ക് അനുസരിച്ച് ഡാന്‍സ് ചിട്ടപ്പെടുത്തണം. പരിശീലകന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ക്കും ഏതു പ്രായത്തിലും ഫിറ്റ്നെസ് ഡാന്‍സുകള്‍ ചെയ്യാം.
വാം അപ്പില്‍ തുടങ്ങി കൂള്‍ ഡൗണില്‍ അവസാനിക്കുന്നതാണ് ഫിറ്റ്നെസ് ഡാന്‍സിന്റെയും രീതി. ആദ്യത്തെ 10 മിനിട്ട് വാം അപ്പിനുള്ളതാണ്. അതിനുശേഷം ഡാന്‍സ് വര്‍ക്കൗട്ട് തുടങ്ങാം. അവസാന 10 മിനിട്ട് കൂള്‍ ഡൗണ്‍ ചെയ്യാനുള്ളതാണ്.
COMMENTS