അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിന് കീഴടക്കി മുംബയ് ഇന്ത്യന്‍സ് ഐപിഎല്ലില്‍ തങ്ങളുടെ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച...
അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിന് കീഴടക്കി മുംബയ് ഇന്ത്യന്‍സ് ഐപിഎല്ലില്‍ തങ്ങളുടെ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.
കളിച്ച എട്ടില്‍ ആറു കളികളും ജയിച്ച് 12 പോയിന്റുമായി രോഹിത് ശര്‍മയും കൂട്ടരും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു.
കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം മുംബയ് 16.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടക്കുകയായിരുന്നു.
44 പന്തില്‍ ഒമ്പത് ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 78 റണ്‍സെടുത്ത് അടിച്ചു തകര്‍ത്ത ക്വന്റണ്‍ ഡികോക്കിന്റെ ബാറ്റിംഗാണ് മുംബയുടെ ജയം ഗംഭീരമാക്കിയത്.
11 പന്തില്‍ 21 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. ഒരു സിക്സും മൂന്നു ഫോറും സഹിതമാണ് പാണ്ഡ്യ 21 റണ്‍സെടുത്തത്.
ക്യാപ്ടന് രോഹിത് ശര്‍മയും ഡിക്കോക്കും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 94 റണ്‍സെടുത്തു. ശര്‍മ 36 പന്തില്‍ 35 റണ്‍സെടുത്തു. ശിവം മാവിക്കാണ് വിക്കറ്റ്.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിന് 10 പന്തില്‍ 10 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. യാദവിനെ ചക്രവര്‍ത്തി പുറത്താക്കി.
പിന്നീടെത്തിയ പാണ്ഡ്യയും ഡിക്കോക്കും ചേര്‍ന്ന് മുംബയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മുംബയുടെ ബൗളിംഗും ഫീല്‍ഡിംഗും ഒന്നിനൊന്നു മെച്ചമായതോടെ കൊല്‍ക്കത്ത ചെറിയ സ്കോറില്‍ ഒതുങ്ങുകയായിരുന്നു.
36 പന്തില്‍ പുറത്താകാതെ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഒയിന്‍ മോര്ഗന് 29 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു.
ഓപ്പണര്‍ രാഹുല്‍ തൃപാഠിയെ (9 പന്തില്‍ 7) മൂന്നാം ഓവറില്‍ കൊല്‍ക്കത്തയ്ക്കു നഷ്ടമായി. നിതീഷ് റാണ (6 പന്തില്‍ 5) ആറാം ഓവറില്‍ വീണു.
ശുഭ്മാന്‍ ഗില്ലിനും (23 പന്തില്‍ 21) തിളങ്ങാനായില്ല. ഗില്‍ പുറത്തായതോടെ മോര്‍ഗനും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്കോറില്‍ എത്തിക്കുകയായിരുന്നു. ആന്ദ്രേ റസല്‍ ഒമ്പത് പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി.
രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Keywords: IPL, Mumbai Indian, Rohit Sharma, India, Kolkata Knight Riders
COMMENTS