അമേരിക്കയിലെ ആഭ്യന്തര കലാപത്തെക്കുറിച്ചും ചര്‍ച്ച, ജി 7 ഉച്ചകോടിയിലേക്ക് മോഡിയെ ട്രംപ് ക്ഷണിച്ചു അഭിനന്ദ് ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി ...
അമേരിക്കയിലെ ആഭ്യന്തര കലാപത്തെക്കുറിച്ചും ചര്‍ച്ച, ജി 7 ഉച്ചകോടിയിലേക്ക് മോഡിയെ ട്രംപ് ക്ഷണിച്ചു
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച ചെയ്തു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസുകാരന് ശ്വാസം മുട്ടിച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ആഭ്യന്തര കലാപത്തെക്കുറിച്ചും ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു.
ജി 7 ഉച്ചകോടിയിലേക്ക് മോഡിയെ ട്രംപ് ക്ഷണിക്കുകയും ചെയ്തു. നിലവിലുള്ള അംഗത്വത്തിനപ്പുറം ഗ്രൂപ്പിംഗിന്റെ പരിധി വിപുലീകരിക്കാനും ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളെ ഉള്‍പ്പെടുത്താനുമുള്ള ആഗ്രഹം പ്രസിഡന്റ് ട്രംപ് അറിയിച്ചു.
യുഎസില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര അസ്വസ്ഥതകളെക്കുറിച്ച് പ്രധാനമന്ത്രി മോദി ആശങ്ക അറിയിച്ചു. സ്ഥിതിഗതികള്‍ ട്രംപ് ശരിയായി കൈകാര്യം ചെയ്യുമെന്നു മോഡി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നില്‍ക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനീസ് അക്രമം അങ്ങേയറ്റം ആശങ്കാകുലമാണെന്ന് യുഎസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളിലെയും കോവിഡ് -19 സ്ഥിതി, ലോകാരോഗ്യ സംഘടനയില്‍ പരിഷ്കാരങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഇതേസമയം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ രാജ്നാഥ് സിംഗ് പറഞ്ഞു.
അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലീജിയന് ഇന്നലെ പറഞ്ഞിരുന്നു. നയതന്ത്ര തലത്തില്‍ തുറന്ന ചര്‍ച്ച നടക്കുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇന്ത്യയുടെ അന്തസ്സിന് കോട്ടം തട്ടുന്ന ഒരു തീരുമാനവും അനുവദിക്കില്ലെന്നും രാജ്നാഥ് ആവര്‍ത്തിച്ചു പറഞ്ഞു.
Keywords: India, Modi, Trump, China, Border Issue
COMMENTS