ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 1463 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കെ, മേയ് മൂന്നിനു ശേഷം റെഡ് സോണുകളില്‍ മാത്രം കടുത്ത നിയന്...
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 1463 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കെ, മേയ് മൂന്നിനു ശേഷം റെഡ് സോണുകളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ മതിയെന്നു പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ തത്വത്തില്‍ തീരുമാനമായതായി സൂചന.
ഇന്നു മാത്രം 60 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 28380 ആയി. ഇവരില്‍ 21132 പേര് ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ 886 പേര് രോഗം ബാധിച്ചു മരിച്ചു.
ഇതിനിടയില്‍ ശുഭപ്രതീക്ഷയുമുണ്ട്. 14 ദിവസത്തിനിടെ 85 ജില്ലകളില്‍ ഒരു കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 ജില്ലകളില്‍ 28 ദിവസത്തിനിടെ ഒരു കോവിഡ് ബാധിതന് പോലും ഇല്ലാത്ത സ്ഥിതിയുമായെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
ഇതേസമയം, നിയന്ത്രിതമായി ലോക് ഡൗണ്‍ തുടരണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, ചുവപ്പ്, ഓറഞ്ച്, പച്ച കോഡിംഗ് അടിസ്ഥാനമാക്കി ഓരോ സംസ്ഥാനത്തിനും എക്സിറ്റ് പ്ലാന്‍ വേണമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
കേസുകള്‍ കുറവുള്ള ജില്ലകള്‍ ബിസിനസിനായി വീണ്ടും തുറക്കുമ്പോള്‍, മാസ്കുകളും ആറടി അകലവും നിര്‍ബന്ധമായിരിക്കണമെന്നും മോഡി നിര്‍ദ്ദേശിച്ചു. വരും കാലങ്ങളില്‍ ഈ ശീലം ഒരു ജീവിതരീതിയായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും, നമ്മുടെ സമ്പദ്വ്യവസ്ഥ സുരക്ഷിതമാണെന്നും മുഖ്യമന്ത്രിമാരോട് മോഡി പറഞ്ഞു. ഗ്രീന്‍, ഓറഞ്ച് സോണുകളിലെ ജില്ലകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുമെന്നാണ് സൂചന.
ഇവിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കുമെങ്കിലും ബസ്, ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉടനുണ്ടാവില്ല.
സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കും. മതയോഗങ്ങള്‍ക്കും നിരോധനം തുടരും.
ലോക്ക് ഡൗണ്‍ അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചുപേര്‍ ആവശ്യപ്പെട്ടു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ലോക് ഡൗണ്‍ നീട്ടണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടു. ഒഡിഷ, മേഘാലയ, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടണമെന്ന് ഒഡിഷ ആവശ്യപ്പെട്ടു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ സംബന്ധിച്ചില്ല, പകരം ചീഫ് സെക്രട്ടറി കേരളത്തെ പ്രതിനിധാനം ചെയ്തു.
Keywords: Kerala, Green Zone, Covid, Coronavirus, Narendramodi
COMMENTS