തിരുവനന്തപുരം: മദ്യപിച്ചു ലക്കുകെട്ട് മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതി സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്ക...
തിരുവനന്തപുരം: മദ്യപിച്ചു ലക്കുകെട്ട് മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതി സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമനെ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചെറിയ പരിക്കിന്റെ പേരില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ ചികിത്സ കഴിഞ്ഞു വിട്ടാലുടന്‍ സബ് ജയിലിലേക്കു മാറ്റണമെന്നാണ് ഉത്തരവ്. അദ്ദേഹത്തിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്കു മാറ്റാന്‍ പൊലീസ് ആലോചിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
ഇതേസമയം, റിമാന്‍ഡ് കാലാവധി മൊത്തം പ്രതി ആശുപത്രിയില്‍ തന്നെ കഴിച്ചുകൂട്ടാന്‍ സാദ്ധ്യതയുണ്ടെന്നു പൊലീസ് വൃത്തങ്ങള്‍ തന്നെ പറയുന്നു.
ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന മോഡല്‍ വഫാ ഫിറോസിനെതിരേയും കേസെടുത്തു. ഇവര്‍ക്കെതിരേ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമിത വേഗത്തിനു പ്രോത്സാഹിപ്പിച്ചുവെന്നതാണ് വഫയ്ക്കെതിരായ പ്രധാന കുറ്റം.
എന്നാല്‍, മജിസ്ട്രേട്ടിനു വഫ കൊടുത്ത രഹസ്യമൊഴിയാണ് ശ്രീറാമിനെ കുടുക്കിയിരിക്കുന്നത്. പതുക്കെ പോകാന്‍ താന്‍ ആവശ്യപ്പെട്ടിട്ടും ശ്രീറാം അപകടകരമായി വാഹനമോടിച്ചുവെന്നാണ് വഫ മൊഴി കൊടുത്തത്. ശ്രീറാം അമിതമായി മദ്യപിച്ചിരുന്നുവെന്നും വഫ മൊഴി കൊടുത്തിട്ടുണ്ട്.
ശ്രീറാമിനെതിരായ പ്രധാന കുറ്റങ്ങള്‍:
* മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചു
* മനപ്പൂര്‍വമായ നരഹത്യ
* സ്വന്തം കുറ്റം സഹയാത്രികയുടെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ നോക്കി
* തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു
* രക്തപരിശോധനയ്ക്കു വിസമ്മതിച്ചു
ശ്രീറാമിന്റെയും വഫയുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പു നടപടി ആരംഭിച്ചിച്ചിട്ടുണ്ട്.
Keywords: KM Basheer, Sreeram Venkataraman, Wafa Feroz, Crime
COMMENTS