ന്യൂഡല്‍ഹി: കഴിഞ്ഞ മാസം നാലിന് ബ്രിട്ടന് പിടികൂടിയ ഇറാന് എണ്ണ ടാങ്കറായ ഗ്രേസ് വണ്ണിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരെയും മോച...
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം നാലിന് ബ്രിട്ടന് പിടികൂടിയ ഇറാന് എണ്ണ ടാങ്കറായ ഗ്രേസ് വണ്ണിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരെയും മോചിപ്പിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അറിയിച്ചു. ഇതോടൊപ്പം കപ്പല്‍ ഇറാനു വിട്ടു നല്കാന് ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു.
കപ്പല്‍ വിട്ടയയ്ക്കുന്നതോടെ, ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോറയും മോചിതമാവാന്‍ സാധ്യത തെളിയുകയാണ്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 18 ഇന്ത്യക്കാരാണ് ഈ കപ്പലിലുള്ളത്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മിഷണറുമായി സംസാരിച്ചെന്നും നാവികരെ മോചിപ്പിച്ച വിവരം അദ്ദേഹം സ്ഥിരീകരിച്ചെന്നും മുരളീധരന് ട്വീറ്റ് ചെയ്തു.
എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങിയെത്തും. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് ഗ്രേസ് വണ്ണിലുണ്ടായിരുന്നത്. ജൂനിയര്‍ ഓഫിസറായ വണ്ടൂര്‍ സ്വദേശി കെ.കെ. അജ്മല്‍ (27), ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോഡ് സ്വദേശി പ്രദീഷ് എന്നിരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍.
റഷ്യ, ഫിലിപ്പൈന്‍സ്, ലാത്വിയ എന്നീ രാജ്യങ്ങളിലെ 28 പേരും കപ്പലിലുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം വകവയ്ക്കാതെ ടാങ്കര്‍ സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോള്‍ ബ്രിട്ടീഷ് മറീനുകള്‍ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു.
ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മോചനം. കപ്പല്‍ വിട്ടയക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്ക നല്കിയ ഹര്‍ജി തള്ളിയ കോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ചായിരുന്നു കപ്പല്‍ പിടികൂടിയത്.
COMMENTS